ഉത്തർപ്രദേശ് കോടതിയുടെ വിവാദ ലൗ ജിഹാദ് പരാമർശം റദ്ദാക്കണമെന്ന ആവശ്യം; മലയാളി നല്‍കിയ ഹർജി തള്ളി സുപ്രീം കോടതി

വിവാദ പരാമർശം വിധിന്യായത്തിൽ നിന്ന് നീക്കണമെന്നും കോടതി പരാമർശങ്ങൾക്ക് മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്നും ആവശ്യപ്പെട്ട് നൽകിയ ഹർജിയാണ് തള്ളിയത്

ലഖ്‌നൗ: ഉത്തർപ്രദേശിലെ ബറൈലി ജില്ലാ കോടതിയുടെ വിവാദ ലൗ ജിഹാദ് പരാമർശം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. വിവാദ പരാമർശം വിധിന്യായത്തിൽ നിന്ന് നീക്കണമെന്നും കോടതി പരാമർശങ്ങൾക്ക് മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്നും ആവശ്യപ്പെട്ട് നൽകിയ ഹർജിയാണ് തള്ളിയത്.

ഉത്തർ പ്രദേശ് കോടതിയിലെ കേസിൽ ഹർജിക്കാരൻ കക്ഷിയല്ലെന്ന് ചൂണ്ടിക്കാട്ടി ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. വിഷയത്തെ സെൻസേഷണലൈസ് ചെയ്യരുതെന്നും കോടതി ഹർജിക്കാരന് മുന്നറിയിപ്പ് നൽകി. ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ് വിഎൻ ഭട്ടി എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റേതാണ് നടപടി. ഒരു ബലാത്സംഗ കേസ് പരിഗണിക്കവെയായിരുന്നു കോടതിയുടെ വിവാദ പരാമർശം. പ്രണയം നടിച്ച് ഹിന്ദു സ്ത്രീകളെ വിവാഹം ചെയ്ത് മതം മാറ്റുന്നതാണ് 'ലവ് ജിഹാദ്' എന്ന് കോടതി പരാമർശിച്ചു എന്നായിരുന്നു മലയാളിയായ അനസ് എന്നയാൾ നൽകിയ ഹർജിയിലെ വാദം.

Also Read:

UAE
അടിച്ചുമോനെ...; അബുദാബി ബി​ഗ് ടിക്കറ്റ് ഭാ​ഗ്യം വീണ്ടും മലയാളിക്ക്

2024 ഒക്ടോബറിൽ ഉത്തർപ്രദേശിലെ ബറേലിയിലെ ഫാസ്റ്റ് ട്രാക്ക് കോടതി 'ലൗ ജിഹാദ്' വിഷയത്തിൽ വിവാദ പരാമർശം നടത്തിയത്. ഒരു കോച്ചിംഗ് സെൻ്ററിൽ വച്ച് കണ്ടുമുട്ടിയ പ്രതി ആനന്ദ് കുമാർ എന്ന് സ്വയം പരിചയപ്പെടുത്തിയെന്നും അയാളെ വിവാ​ഹം ചെയ്തു എന്നുമായിരുന്നു പരാതി. എന്നാൽ വിവാഹശേഷം അയാൾ ആലിം എന്ന് പേരുള്ള മുസ്ലിം വിഭാ​ഗത്തിൽ നിന്നുള്ള ആളാണെന്ന് മനസ്സിലായി എന്നും യുവതി പരാതിയിൽ പറഞ്ഞിരുന്നു. പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി കോടതി പ്രതിയെ ജീവപര്യന്ത്യം ശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. ഈ വിധിന്യായത്തിലാണ് വിവാദമായ പരാമർശങ്ങൾ ഇടംപിടിച്ചത്.

'ലൗ ജിഹാദിൻ്റെ പ്രാഥമിക ലക്ഷ്യം ജനസംഖ്യാശാസ്ത്രത്തിൽ മാറ്റം വരുത്തുകയും ഒരു മത വിഭാഗത്തിലെ തീവ്ര വിഭാഗങ്ങൾ നയിക്കുന്ന അന്താരാഷ്ട്ര സംഘർഷങ്ങൾ ഇളക്കിവിടുകയുമാണ്. അമുസ്‌ലിം വിഭാ​ഗത്തിൽ നിന്നുള്ള സ്ത്രീകളെ വഞ്ചനാപരമായ വിവാഹങ്ങളിലൂടെ ഇസ്‌ലാമിലേക്ക് പരിവർത്തനം ചെയ്യുന്നതിനെയാണ് ഇത് സൂചിപ്പിക്കുന്നത്. ഇത് നിയമവിരുദ്ധമായ മതപരിവർത്തനമാണ്. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്ന ചില തീവ്രവാദികളാണ് ഇത് നടപ്പിലാക്കുന്നത്. ഈ പ്രവർത്തനങ്ങൾ മുഴുവൻ മതസമൂഹത്തിൻ്റെയും പങ്കാളിത്തമില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. 'ലവ് ജിഹാദ്' പ്രക്രിയയിൽ കാര്യമായ സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടുന്നു. ഈ കേസിൽ വിദേശ ധനസഹായം ഉൾപ്പെട്ടിരിക്കാൻ സാധ്യതയുണ്ടെന്നും വിധിയിൽ പരാമർശമുണ്ടായിരുന്നു.

Content Highlights: why sensationalise sc on plea to expunge remarks made in love jihad case by bareilly court

To advertise here,contact us