വനിതാ എംപിയോട് മോശമായി പെരുമാറിയെന്ന ആരോപണം; രാഹുൽ ഗാന്ധിക്കെതിരെ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ

വനിത എംപിമാരുടെ അന്തസ് സംരക്ഷിക്കാന്‍ സഭാ അധ്യക്ഷന്മാര്‍ ഉടനടി നടപടി സ്വീകരിക്കണമെന്ന് വനിതാ കമ്മീഷന്‍

ന്യൂഡല്‍ഹി: പാര്‍ലമെന്റ് കവാടത്തിലെ കയ്യേറ്റത്തില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. നാഗാലാന്‍ഡില്‍ നിന്നുള്ള വനിത എംപി ഫാംഗ്‌നോന്‍ കോണ്യാക്കിനോട് മോശമായി പെരുമാറി എന്ന ആരോപണത്തിലാണ് നടപടി. വനിത എംപിമാരുടെ അന്തസ് സംരക്ഷിക്കാന്‍ സഭാ അധ്യക്ഷന്മാര്‍ ഉടനടി നടപടി സ്വീകരിക്കണമെന്നും വനിത കമ്മീഷന്‍ അധ്യക്ഷ വിജയ രഹത്കര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം പാര്‍ലമെന്റില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിക്കെതിരായ പരാതി ഡല്‍ഹി പൊലീസ് ക്രൈം ബ്രാഞ്ചിന് കൈമാറി. പാര്‍ലമെന്റില്‍ നടന്ന പ്രതിഷേധത്തിനിടയില്‍ ബിജെപി എംപിമാരെ തള്ളിയെന്ന ആരോപണത്തിലാണ് കേസ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബി ആര്‍ അംബേദ്ക്കറെ അപമാനിച്ചെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തില്‍ രണ്ട് ബിജെപി എംപിമാര്‍ ആശുപത്രിയിലായിരുന്നു.

Also Read:

National
VIDEO: മദ്യപിച്ച് മോശം രീതിയില്‍ പെരുമാറി; കുത്തിന് പിടിച്ച് മുഖത്തടിച്ച് അധ്യാപിക

സംഭവത്തില്‍ ഡല്‍ഹി പൊലീസ് രാഹുല്‍ ഗാന്ധിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ ഭാരതീയ ന്യായ സംഹിത പ്രകാരം 117, 115, 125, 131, 351 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബിജെപി എംപിമാരായ പ്രതാപ് ചന്ദ്ര സാരംഗി, മുകേഷ് രാജ്പുത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും രാഹുല്‍ ഗാന്ധി തള്ളുകയായിരുന്നുവെന്നാണ് ബിജെപിയുടെ പരാതി.

എന്നാല്‍ ബിജെപി എംപിമാര്‍ തന്നെ ഭീഷണിപ്പെടുത്തുകയും തള്ളിമാറ്റുകയും പാര്‍ലമെന്റിലേക്ക് കയറാന്‍ അനുവദിക്കാതെ തടഞ്ഞുവെച്ചെന്നും രാഹുല്‍ ഗാന്ധിയും പറഞ്ഞു. അദാനി ഗ്രൂപ്പിനെതിരെ അമേരിക്കയിലുള്ള കേസ് ചര്‍ച്ച ചെയ്യാതിരിക്കാന്‍ ബിജെപി ശ്രദ്ധ തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോട് ബിജെപി എംപിമാര്‍ മോശമായി പെരുമാറിയെന്ന് ആരോപിച്ച് കോണ്‍ഗ്രസും പരാതി നല്‍കിയിട്ടുണ്ട്.

Content Highlights: Women Commission in India register case against Rahul Gandhi

To advertise here,contact us