മധ്യപ്രദേശിൽ ഇഡിക്കെതിരെ 6 പേജ് കുറിപ്പെഴുതി കോൺഗ്രസ്‌ അനുഭാവിയായ ​വ്യവസായിയും ഭാര്യയും ജീവനൊടുക്കി

ഇഡി ഉദ്യോഗസ്ഥർ ശാരീരികമായും മാനസികവുമായും പീഡിപ്പിച്ചെന്ന് ആരോപിച്ച് ഇവർ എഴുതിയ കുറിപ്പ് പൊലീസ് കണ്ടെടുത്തു

ഭോപ്പാല്‍: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ കുറിപ്പെഴുതിവെച്ച ശേഷം വ്യവസായിയും ഭാര്യയും ജീവനൊടുക്കി. മധ്യപ്രദേശിലാണ് സംഭവം. കോൺഗ്രസ്‌ അനുഭാവിയായ വ്യവസായി മനോജ് പർമറും ഭാര്യ നേഹ പർമറുമാണ് ജീവനൊടുക്കിയത്. ഇഡി ഉദ്യോഗസ്ഥർ ശാരീരികമായും മാനസികവുമായും പീഡിപ്പിച്ചെന്ന് ആരോപിച്ച് ഇവർ എഴുതിയ ആറ് പേജുള്ള ആത്മഹത്യാ കുറിപ്പ് സംഭവ സ്ഥലത്ത് നിന്ന് കണ്ടെടുത്തു.

Also Read:

National
അല്ലു അര്‍ജുന്‍ കോടതിയിലേക്ക്; മോചനം വൈകിയത് ചോദ്യം ചെയ്ത് ഹര്‍ജി നല്‍കും

പഞ്ചാബ് നാഷണൽ ബാങ്കുമായി ബന്ധപ്പെട്ട് ആറ് കോടിയുടെ തട്ടിപ്പ് നടത്തിയതിനാണ് മനോജിനെതിരെ കേസ് രജിസ്റ്റർ ചെയ്തതെന്നാണ് ഇഡി പറയുന്നത്. ഇക്കഴിഞ്ഞ ഡിസംബറിൽ മനോജിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ് നടത്തി സ്ഥാവര ജംഗമ വസ്തുക്കൾ കണ്ടുകെട്ടുകയും അക്കൗണ്ടിലെ 3.5 ലക്ഷം രൂപ മരവിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ മനോജിനെ ഇഡി അറസ്റ്റ് ചെയ്തു. ഇതിന് ശേഷം മനോജ് കടുത്ത മാനസിക സമ്മർദം നേരിട്ടിരുന്നതായാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്.

മനോജ് പർമറുടെയും ഭാര്യയുടെയും മരണത്തിൽ ഇഡിക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. ഭാരത് ജോഡോ യാത്രയ്ക്കിടെ കോൺഗ്രസ് നേതാവും ലോക്സഭാംഗവുമായ രാഹുൽ ഗാന്ധിക്ക് ദമ്പതികളുടെ മക്കൾ ഒരു കുടുക്ക (പിഗ്ഗി ബാങ്ക്) സമ്മാനിച്ചിരുന്നുവെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി മനോജ് പർമറിനെ ഇഡി വേട്ടയാടിയെന്നുമാണ് കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ് പറഞ്ഞത്. മനോജിന്റെയും ഭാര്യയുടെയും ആത്മഹത്യയല്ല, മറിച്ച് കൊലപാതകമെന്ന് കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ കമൽനാഥും പറഞ്ഞു. മരണത്തിലേക്ക് നയിച്ച സംഭവങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും കമൽനാഥ് ആവശ്യപ്പെട്ടു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights: The businessman and his wife committed suicide after writing a six-page suicide note against the ED

To advertise here,contact us