അല്ലു പുറത്തിറങ്ങിയത് ജയിലിന്റെ പിന്‍ഗേറ്റിലൂടെ; ആദ്യം എത്തിയത് ഗീത ആര്‍ട്‌സില്‍

അല്ലുവിനെ സ്വീകരിക്കാന്‍ പിതാവ് അല്ലു അരവിന്ദും ഭാര്യാ പിതാവ് കെ ചന്ദ്രശേഖര്‍ റെഡ്ഡിയും ജയില്‍ പരിസരത്ത് എത്തിയിരുന്നു

ഹൈദരാബാദ്: പുഷ്പ 2 റിലീസ് ദിനത്തില്‍ തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിച്ച സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത മനപൂര്‍വമല്ലാത്ത നരഹത്യാ കേസില്‍ തെന്നിന്ത്യന്‍ സൂപ്പര്‍ താരം അല്ലു അര്‍ജുന്‍ ജയില്‍ മോചിതനായി. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജയിലിന്റെ പിന്‍ഗേറ്റ് വഴിയാണ് അല്ലു പുറത്തിറങ്ങിയത്. അല്ലുവിനെ സ്വീകരിക്കാന്‍ പിതാവ് അല്ലു അരവിന്ദും ഭാര്യാ പിതാവ് കെ ചന്ദ്രശേഖര്‍ റെഡ്ഡിയും ജയില്‍ പരിസരത്ത് എത്തിയിരുന്നു. ജയിലില്‍ നിന്നിറങ്ങി അല്ലു ആദ്യം എത്തിയത് സ്വന്തം ഉടമസ്ഥതയിലുള്ള നിര്‍മാണ കമ്പനിയായ ഗീത ആര്‍ട്‌സിന്റെ ഓഫീസിലാണ്.

Also Read:

National
അല്ലു അർജുൻ ജയിൽ മോചിതനായി

ഇന്നലെ ഉച്ച മുതല്‍ ആരംഭിച്ച നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ ഒരു ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് അല്ലു അര്‍ജുന്‍ ജയില്‍ മോചിതനായത്. ഇടക്കാലജാമ്യം നല്‍കിയുള്ള ഹൈക്കോടതിയുടെ ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചതോടെയാണ് അല്ലുവിന്റെ ജയില്‍ മോചനം സാധ്യമായത്. അല്ലു പുറത്തിറങ്ങുന്നതറിഞ്ഞ് ചഞ്ചല്‍ഗുഡ ജയില്‍ പരിസരത്ത് നിരവധി ആരാധകരാണ് തമ്പടിച്ചത്. ഇത് സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് വഴിവെയ്ക്കുമെന്ന് മനസിലാക്കിയ പൊലീസ് അല്ലുവിനെ ജയിലിന്റെ പിന്‍ഗേറ്റിലൂടെ പുറത്തെത്തിക്കുകയായിരുന്നു.

വെള്ളിയാഴ്ച രാവിലെ 11. 45ന് ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ വീട്ടില്‍ നിന്നായിരുന്നു അല്ലു അര്‍ജുനെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് റിമാന്‍ഡ് ചെയ്യുകയായിരുന്നു. പിന്നീട് തെലങ്കാന ഹൈക്കോടതിയാണ് നടന് ഇടക്കാലജാമ്യം അനുവദിച്ചത്. അല്ലു അര്‍ജുനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കില്ലെന്ന നിരീക്ഷണത്തോടെയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ഒന്നേ മുക്കാല്‍ മണിക്കൂര്‍ വാദം കേട്ട ശേഷമാണ് നാലാഴ്ച്ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്. ചലച്ചിത്ര താരമായല്ല, സാധാരണക്കാരനായി തന്റെ ഹര്‍ജി പരിഗണിക്കണമെന്ന് അല്ലു അര്‍ജുന്‍ അഭിഭാഷകന്‍ മുഖേന കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. സാധാരണക്കാരനാണെങ്കിലും ജാമ്യം നല്‍കേണ്ടതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

ഇക്കഴിഞ്ഞ ഡിസംബര്‍ നാലാം തീയതി ഹൈദരാബാദിലെ സന്ധ്യ തിയറ്ററിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ചിത്രത്തിന്റെ പ്രീമിയര്‍ ഷോ കാണാനെത്തിയ ഹൈദരാബാദ് ദില്‍ഷുക്‌നഗര്‍ സ്വദേശിനി രേവതി (39)യാണ് തിയറ്ററിലെ തിക്കിലും തിരക്കിലുംപെട്ട് മരിച്ചത്. ഭര്‍ത്താവ് ഭാസ്‌കറിനും മക്കളായ ശ്രീതേജിനും സാന്‍വിക്കും ഒപ്പമായിരുന്നു രേവതി പുഷ്പ പ്രീമിയര്‍ ഷോ കാണാന്‍ എത്തിയത്. ഇതിനിടെ അല്ലു അര്‍ജുന്‍ അപ്രതീക്ഷിതമായി തിയറ്ററിലേക്ക് എത്തുകയും ആരാധകര്‍ തിരക്ക് കൂട്ടുകയും ചെയ്തു. തിയറ്ററിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ രേവതിയും മകന്‍ ശ്രീതേജും കുഴഞ്ഞുവീഴുകയായിരുന്നു. രേവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഇതിന് പിന്നാലെ അപകടം നടന്ന സന്ധ്യ തിയറ്ററിന്റെ ഉടമ, തിയറ്റര്‍ മാനേജര്‍, സെക്യൂരിറ്റി ചീഫ് എന്നിവരെ പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇതിന് ശേഷമാണ് അല്ലു അര്‍ജുനെ കേസില്‍ പ്രതി ചേര്‍ക്കുന്നത്. രേവതിയുടെ മരണത്തില്‍ അല്ലു അനുശോചനം അറിയിച്ചിരുന്നു. കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുന്നുവെന്ന് പറഞ്ഞ അല്ലു സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.

Content Highlights- allu arjun arriver geetha arts after released from jail

To advertise here,contact us