മകളെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിയെ കുവൈറ്റില്‍ നിന്നെത്തി കൊലപ്പെടുത്തി പിതാവ് മടങ്ങി

കൊലപാതകം നടത്തിയെന്ന് കരുതുന്ന ആള്‍ സ്വന്തം യൂട്യൂബ് ചാനലിലൂടെ ഇക്കാര്യം ഏറ്റുപറഞ്ഞതോടെയാണ് സംഭവം പുറംലോകമറിയുന്നത്

icon
dot image

ഹൈദരാബാദ്: പന്ത്രണ്ടുവയസുകാരിയായ മകളെ പീഡിപ്പിച്ചതായി ആരോപണം നേരിടുന്ന ബന്ധുവിനെ കൊലപ്പെടുത്തി പിതാവ്. കുവൈറ്റിലായിരുന്ന പിതാവ് നാട്ടിലെത്തി പ്രതിയെ കൊലപ്പെടുത്തിയ ശേഷം തിരിച്ചുപോകുകയായിരുന്നു. ആന്ധ്രാപ്രദേശില്‍ ഡിസംബര്‍ ആറിനാണ് കൊലപാതകം നടന്നത്. കൊലക്കേസ് അന്വേഷിച്ച പൊലീസിന് ആദ്യഘട്ടത്തില്‍ തുമ്പൊന്നും ലഭിച്ചില്ല. കൊലപാതകം നടത്തിയെന്ന് കരുതുന്ന ആള്‍ സ്വന്തം യൂട്യൂബ് ചാനലിലൂടെ ഇക്കാര്യം ഏറ്റുപറഞ്ഞതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

Also Read:

Kerala
'കുറ്റകൃത്യത്തിൻ്റെ വ്യാപ്തി വലുത്'; ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിൻ്റെ ജാമ്യാപേക്ഷ തള്ളി സുപ്രീം കോടതി

പതിനഞ്ച് വര്‍ഷമായി കുവൈറ്റില്‍ ജോലി ചെയ്തുവരികയായിരുന്നു ആന്ധ്രാസ്വദേശി. ഭാര്യയും മകളും ഇയാള്‍ക്കൊപ്പം കുവൈറ്റിലായിരുന്നു താമസം. എന്നാല്‍ പിന്നീട് ഇയാള്‍ മകളെ നാട്ടിലുള്ള ഭാര്യയുടെ മാതാപിതാക്കളുടെ സംരക്ഷണത്തിലാക്കി. മകളുടെ ചെലവിനുള്ള പണം ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. ഭാര്യയുടെ കുടുംബത്തിൻ്റെ സാമ്പത്തികനില മോശമായതിനെ തുടര്‍ന്ന് ഭാര്യാ മാതാവിനേയും അദ്ദേഹം വിദേശത്തേയ്ക്കു കൊണ്ടുപോയി. ഇതോടെ പന്ത്രണ്ടുകാരിയുടെ സംരക്ഷണ ചുമതല ഭാര്യയുടെ ഇളയ സഹോദരിയെ ഏല്‍പിച്ചു. ആദ്യമൊക്കെ സഹോദരിയുടെ കുടുംബം പെണ്‍കുട്ടിയെ നന്നായി നോക്കിയിരുന്നെങ്കിലും പിന്നീട് അവര്‍ അതിന് വിസമ്മതിച്ചു. ഇതോടെ ഭാര്യാ മാതാവ് നാട്ടിലേക്ക് തിരിച്ചെത്തി. നാട്ടിലെത്തിയ മുത്തശ്ശിയോട് പെണ്‍കുട്ടി പീഡന വിവരം തുറന്നുപറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ പൊലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ നടപടിയുണ്ടായില്ല.

പ്രതിയെ വിളിച്ചുവരുത്തി താക്കീത് ചെയ്ത് വിട്ട പൊലീസ് പരാതിക്കാരോട് മോശമായി പെരുമാറിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെയാണ് മകളോട് ക്രൂരതകാട്ടിയ ആളോട് പ്രതികാരം ചെയ്യാന്‍ പിതാവ് തീരുമാനിച്ചത്. കുവൈറ്റില്‍ നിന്ന് നാട്ടിലെത്തിയ പിതാവ് ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് മര്‍ദിച്ച് ആരോപണവിധേയനായ ബന്ധുവിനെ കൊലപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രതിയെ വിദേശത്ത് നിന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

Content Highlights- Man flies from kuwait to andhra, kills relative who sexually abused daughter

To advertise here,contact us
To advertise here,contact us
To advertise here,contact us