ഇന്ത്യയിലെ ബാങ്കുകളുടെ കിട്ടാക്കടം 4,50,670 കോടിയെന്ന് കേന്ദ്ര ധനമന്ത്രാലയം

ഏറ്റവും കൂടുതല്‍ വായ്പ എഴുതിത്തള്ളിയത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ്

ഡല്‍ഹി: ഇന്ത്യയിലെ ബാങ്കുകളുടെ കിട്ടാക്കടം 4,50,670 കോടി രൂപയെന്ന് കേന്ദ്ര ധനമന്ത്രാലയം. രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര ധനസഹമന്ത്രി പങ്കജ് ചൗധരി നല്‍കിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്.

സ്വകാര്യ ബാങ്കുകളിലെ കിട്ടാക്കടത്തിന്റെ ഇരട്ടിയോളം വരും പൊതുമേഖല ബാങ്കുകളിലെ കിട്ടാക്കടം. 2024 സെപ്റ്റംബര്‍ 30 ലെ കണക്ക് പ്രകാരം പൊതുമേഖല ബാങ്കുകളിലെ കിട്ടാക്കടം 3,16,331 കോടി രൂപയും സ്വകാര്യബാങ്കുകളിലെ കിട്ടാക്കടം 1,34,339 കോടി രൂപയുമാണ്. നല്‍കിയ വായ്പയുടെ 1.86% ആണ് സ്വകാര്യബാങ്കുകളുടെ കിട്ടാക്കടമെങ്കില്‍ പൊതുമേഖല ബാങ്കുകളുടെ കാര്യത്തില്‍ ഇത് 3.09% ആണ്.

Also Read:

National
'ഉപദ്രവിച്ചവർക്കെതിരെ നടപടിയില്ലെങ്കിൽ എന്റെ ചിതാഭസ്മം ഓടയിൽ തള്ളുക'; വീഡിയോ ചിത്രീകരിച്ച് യുവാവ് ജീവനൊടുക്കി

50 കോടി രൂപയിലേറെ വായ്പ എടുത്ത് ബോധപൂര്‍വം തിരിച്ചടയ്ക്കാത്ത 580 സ്ഥാപനങ്ങളുടെ പട്ടിക റിസര്‍വ് ബാങ്ക് തയ്യാറാക്കിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. എന്നാല്‍ സ്ഥാപനങ്ങളുടെ പേര് പുറത്തുവിടാന്‍ കേന്ദ്രമന്ത്രി തയ്യാറായില്ല. 2018-19 ല്‍ 11.45 ലക്ഷം കോടി രൂപ കിട്ടാക്കടമായി എഴുതിത്തള്ളി. ഇതില്‍ 3.5 ലക്ഷം കോടി രൂപ മാത്രമാണ് തിരിച്ചുപിടിക്കാന്‍ കഴിഞ്ഞത്. ഏറ്റവും കൂടുതല്‍ വായ്പ എഴുതിത്തള്ളിയത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ്. 2015-16ല്‍ 15,955 കോടി രൂപയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എഴുതിത്തള്ളിയത്. എന്നാല്‍ 2018-19 ആയപ്പോഴേയ്ക്കും 58,905 കോടി രൂപയായി ഇത് ഉയര്‍ന്നു. പഞ്ചാബ് നാഷണല്‍ ബാങ്കും സമാനപാതയിലാണ്. 2014-15ല്‍ എഴുതിത്തള്ളിയ കിട്ടാക്കടം 5,996 കോടി രൂപയായിരുന്നത് 2023-24 ആയപ്പോഴേയ്ക്കും 18,317 കോടി രൂപയായി ഉയര്‍ന്നു.

Content Highlights- the bad debt of banks in India is 4,50,670 crores says union finance ministry

To advertise here,contact us