തമിഴ്നാട്ടിൽ 2026ൽ അധികാരത്തിലെത്തും; ജനങ്ങൾക്കായി പ്രവർത്തിക്കുന്ന സർക്കാർ വരുമെന്ന് വിജയ്

'നീതിപൂര്‍വമായ തിരഞ്ഞെടുപ്പാണ് ജനാധിപത്യത്തിന്റെ ആണിക്കല്ല്'

ചെന്നൈ: ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ 2026ല്‍ തമിഴകത്ത് അധികാരത്തിലെത്തുമെന്ന് തമിഴക വെട്രി കഴകം പ്രസിഡന്റും നടനുമായ വിജയ്. നീതിപൂര്‍വമായ തിരഞ്ഞെടുപ്പാണ് ജനാധിപത്യത്തിന്റെ ആണിക്കല്ല്. ജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഉറപ്പാക്കാത്ത സര്‍ക്കാരിനുള്ള മറുപടി 2026ല്‍ ജനം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡോ. ബി.ആര്‍.അംബേദ്കറെ കുറിച്ചുള്ള രചനകള്‍ സമാഹരിച്ച് വിസികെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ആധവ് അര്‍ജുന തയ്യാറാക്കിയ 'എല്ലോര്‍ക്കും തലൈവര്‍ അംബേദ്കര്‍' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു വിജയ്. രാജ്യം മുഴുവന്‍ ചര്‍ച്ചയായ വിഷയമായിരുന്നു മണിപ്പുരിലേത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ സംഭവം അറിഞ്ഞ മട്ടേയില്ല. ശുദ്ധജലത്തില്‍ മനുഷ്യ വിസര്‍ജ്യം കലര്‍ന്ന വേങ്കവയല്‍ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെയും നടപടി സ്വീകരിച്ചിട്ടില്ലെന്നും ചടങ്ങിൽ വിജയ് കുറ്റപ്പെടുത്തി. അംബേദ്കര്‍ ജന്മദിനം രാജ്യം ജനാധിപത്യ അവകാശ ദിനമായി ആചരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

Also Read:

International
സിറിയയിലെ ആഭ്യന്തര കലാപം: 'എത്രയും പെട്ടെന്ന് തിരിച്ചുവരണം'; പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യ

അതേസമയം പുസ്തകപ്രകാശനത്തിന് വിടുതലൈ ചിരുതൈഗള്‍ കച്ഛി നേതാവ് തോല്‍ തിരുമാവളവന്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു, എന്നാല്‍ കൂട്ടുകക്ഷി സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പിന്മാറുകയായിരുന്നു. ഈ വിഷയവും ചടങ്ങില്‍ വിജയ് ചൂണ്ടിക്കാട്ടി. ചടങ്ങില്‍ പങ്കെടുത്തില്ലെങ്കിലും അദ്ദേഹത്തിന്റെ മനസും അനുഗ്രവും നമുക്കൊപ്പമാണെന്ന് വ്യക്തമാണ് എന്നും വിജയ് പറഞ്ഞു. എന്നാല്‍ തനിക്ക് സഖ്യകക്ഷിയായ ഡിഎംകെയില്‍ നിന്നും സമ്മര്‍ദ്ദമില്ലെന്നും ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്നും ആരും തന്നെ വിലക്കിയിട്ടില്ലെന്നുമായിരുന്നു തോല്‍ തിരുമാവളവന്റെ പ്രതികരണം.

Content Highlight: Actor and TVK founder Vijay says party will form govt in 2026

To advertise here,contact us