ഗൗതം അദാനിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് പൊതുതാൽപ്പര്യ ഹർജി

മദ്രാസ് ഹൈകോടതിയിൽ സമർപ്പിച്ച പൊതു താല്പര്യ ഹർജിയിൽ അദാനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും പ്രത്യേക അന്വേഷണ സംഘമോ കേന്ദ്ര ഏജൻസികളോ അന്വേഷിക്കണമെന്നാണ് ആവശ്യം

ചെന്നൈ: വ്യവസായി ഗൗതം അദാനിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് മദ്രാസ് ഹൈകോടതിയിൽ പൊതു താല്പര്യ ഹർജി. അദാനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും പ്രത്യേക അന്വേഷണ സംഘമോ കേന്ദ്ര ഏജൻസികളോ അന്വേഷിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. രാജ്യത്തിന് അകത്തും പുറത്തും അദാനി ഗ്രൂപ്പിനെതിരെ ഉയർന്ന എല്ലാ അഴിമതി ആരോപണങ്ങളും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്നും ഹ‍ർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ്‌ ഓഫ് ജസ്റ്റിസിന്റെ കുറ്റപത്രത്തിന്റെ പശ്ചാത്തലത്തിലാണ് ഹർജി. ഹർജി കോടതി പിന്നീട് പരിഗണിക്കും.

അദാനി ഗ്രൂപ്പിന്റെ ഗ്രീൻ എനർജി സൗരോർജ കരാറുകൾ ഉറപ്പാക്കാൻ ഇന്ത്യയിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് കോഴ വാഗ്ദാനം ചെയ്യുകയും ഇതേ കുറിച്ച് തെറ്റിദ്ധരിപിച്ച് യു എസ് നിക്ഷേപകരെയും ആഗോള ധനകാര്യ സ്ഥാപനങ്ങളെയും വഞ്ചിച്ചുവെന്നാണ് കേസ്. യു എസ് നിയമനടപടി ആരംഭിച്ചതോടെ ശ്രീലങ്ക , കെനിയ , ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ അദാനി ഗ്രൂപ്പിന്റെ ഗ്രീൻ എനർജിയുമായുള്ള കരാറിൽ നിന്ന് പിന്മാറിയിരുന്നു.

Also Read:

Kerala
'മർദ്ദനം കറിക്ക് ഉപ്പ് കൂടിയെന്നാരോപിച്ച്'; മദ്യപിച്ച് ബഹളം ഉണ്ടാക്കിയ രാഹുല്‍ കസ്റ്റഡിയില്‍, യുവതി പരാതി നൽകി

നേരത്തെ ഗൗതം അദാനിക്കും മറ്റ് രണ്ട് പേർക്കുമെതിരെ കൈക്കൂലിക്കേസിൽ അമേരിക്ക കുറ്റപത്രം ചുമത്തിയതോടെ യുഎസിലെ നിക്ഷേപപദ്ധതികളിൽ നിന്ന് അദാനി ഗ്രൂപ്പ് പിന്മാറാൻ തീരുമാനിച്ചിരുന്നു. 600 മില്യൺ ഡോളറിന്റെ ബോണ്ട് സമാഹരണമാണ് അദാനി ഗ്രൂപ്പ് തത്കാലത്തേക്ക് നിർത്തിവെയ്ക്കാൻ തീരുമാനിച്ചത്. ഗൗതം അദാനി, സാഗർ അദാനി, വിനീത് ജെയ്ൻ എന്നിവർക്കെതിരെയെടുത്ത കേസിന്റെ പശ്ചാത്തലത്തിൽ എല്ലാം നിർത്തിവെക്കുകയാണെന്ന് ഗ്രൂപ്പ് വാർത്താകുറിപ്പിലൂടെ അറിയിച്ചിരുന്നു.

സൗരോര്‍ജ കരാറുകള്‍ ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് 25 കോടി ഡോളറിലധികം കൈക്കൂലി വാഗ്ദാനം ചെയ്‌തെന്നാണ് അദാനിക്കെതിരെയുള്ള കേസ്. അമേരിക്കന്‍ നീതിന്യായ വകുപ്പാണ് അദാനി ഗ്രൂപ്പിനെതിരെ നടപടി എടുത്തത്. കോടിക്കണക്കിന് ഡോളറുകള്‍ സമാഹരിക്കാന്‍ നിക്ഷേപകരോടും ബാങ്കിനോടും കളവ് പറയുകയും നീതിക്ക് നിരക്കാത്തതുമാണ് ഈ അഴിമതിയെന്ന് ഡെപ്യൂട്ടി അസിസ്റ്റന്റ് അറ്റോര്‍ണി ജനറല്‍ ലിസ മില്ലര്‍ വ്യക്തമാക്കിയത്.

Content Highlights: PIL seeking inquiry against Gautam Adani

To advertise here,contact us