മഹാരാഷ്ട്രയിലെ കനത്ത തോല്‍വി; കോണ്‍ഗ്രസ് അധ്യക്ഷന്‍ നാന പട്ടോലെ രാജി വെച്ചതായി റിപ്പോര്‍ട്ട്

നാന പട്ടോലെ മത്സരിച്ച സകോലി മണ്ഡലത്തിൽ 208 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തില്‍ കഷ്ടിച്ചാണ് ജയിച്ച് കയറിയത്

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ നാന പട്ടോലെ രാജിവെച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ നാന പട്ടോലെയ്ക്ക് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും രാഹുല്‍ ഗാന്ധിയെയും കാണാന്‍ ഇതുവരെ സാധിച്ചില്ലെന്നും, ഹൈക്കമാന്‍ഡ് പട്ടോലെയുടെ രാജി സ്വീകരിച്ചിട്ടില്ലെന്നും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മഹാരാഷ്ട്രയില്‍ മഹാവികാസ് അഘാഡി സഖ്യത്തിന് ഏറ്റവും കനത്ത തോല്‍വിയാണ് നേരിട്ടത്. 49 സീറ്റുകള്‍ മാത്രമാണ് സഖ്യത്തിന് നേടാന്‍ സാധിച്ചത്. മത്സരിച്ച 103 സീറ്റുകളില്‍ 16 സീറ്റ് മാത്രമേ കോണ്‍ഗ്രസിന് നേടാന്‍ സാധിച്ചുള്ളു. നാന പട്ടോലെ മത്സരിച്ച സകോലി മണ്ഡലത്തിൽ 208 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തില്‍ കഷ്ടിച്ചാണ് ജയിച്ച് കയറിയത്. ഏറ്റവും കുറവ് ഭൂരിപക്ഷം നേടിയ മൂന്ന് മണ്ഡലങ്ങളിലൊന്നാണ് സകോലി. 2019ല്‍ 8000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സകോലിയില്‍ പട്ടോലെ വിജയിച്ചത്.

മഹാവികാസ് അഘാഡിയയുടെ കനത്ത തോല്‍വിയോടെ മഹാരാഷ്ട്രയില്‍ പ്രതിപക്ഷ നേതാവില്ലാത്ത സ്ഥിതിയാണുള്ളത്. അതേസമയം മഹാരാഷ്ട്രയില്‍ 235 സീറ്റുകളാണ് മഹായുതി നേടിയെടുത്തത്. ഇതില്‍ 132 സീറ്റുകള്‍ ബിജെപി കരസ്ഥമാക്കി. എന്നാല്‍ വോട്ടിങ് മെഷീനില്‍ നടത്തിയ കൃത്രിമത്വത്തിലൂടെയാണ് ബിജെപി വിജയിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.

Also Read:

Kerala
നേമത്ത് സിപിഐഎം എസ്ഡിപിഐ വോട്ട് വാങ്ങിയിട്ടില്ലേ? യുഡിഎഫ് വോട്ട് തേടിയത് പാലക്കാട്ടെ ജനതയോട്: കെ മുരളീധരൻ

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ 66 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയ്ക്കുള്ള ഉയർന്ന പോളിങ്ങായാണ് ഇത് കണക്കാക്കപ്പെടുന്നത്. 2019ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 61.1 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 61.29 ആയിരുന്നു പോളിങ്.

Content Highlights: Report says Nana Patole resigns as Maharashtra Congress Chief

To advertise here,contact us