ഗൗതം അദാനിയെ ഉടന്‍ അറസ്റ്റ് ചെയ്യണം, സംരക്ഷകന്‍ പ്രധാനമന്ത്രി: രാഹുല്‍ ഗാന്ധി

ഗൗതം അദാനി അടക്കം ഏഴ് പേര്‍ക്കെതിരെ യുഎസില്‍ കൈക്കൂലി, തട്ടിപ്പ് കേസുകളില്‍ കുറ്റപ്പത്രം സമര്‍പ്പിച്ചിരുന്നു

ന്യൂഡല്‍ഹി: ഗൗതം അദാനിയെ അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഗൗതം അദാനിയുടെ സംരക്ഷകയായ മാധബി പുരി ബുച്ചിനെതിരെ അന്വേഷണം പ്രഖ്യാപിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ഗൗതം അദാനി അടക്കം ഏഴ് പേര്‍ക്കെതിരെ യുഎസില്‍ കൈക്കൂലി, തട്ടിപ്പ് കേസുകളില്‍ കുറ്റപ്പത്രം സമര്‍പ്പിച്ചിരുന്നു. പിന്നാലെയാണ് പ്രതികരണം.

ഗൗതം അദാനി ഇന്ത്യന്‍ നിയമവും അമേരിക്കന്‍ നിയമവും ലംഘിച്ചെന്ന് വ്യക്തമാണ്. എന്നിട്ടും അദ്ദേഹം ഈ രാജ്യത്ത് സര്‍വ്വ സ്വാതന്ത്ര്യത്തോടെ സഞ്ചരിക്കുന്നുവെന്നത് എന്നെ അത്ഭുതപ്പെടുത്തുകയാണ്. അദാനിക്കെതിരെ വര്‍ഷങ്ങളായി ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് അമേരിക്കയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ്.

(രാഹുല്‍ ഗാന്ധി)

വീണ്ടും വീണ്ടും വീണ്ടും ഞങ്ങള്‍ ഇക്കാര്യങ്ങള്‍ ഉന്നയിക്കുകയാണ്. പ്രധാനമന്ത്രി അദാനിയെ സംരക്ഷിക്കുകയാണ്. അദാനി നടത്തുന്ന അഴിമതികളില്‍ പ്രധാനമന്ത്രിക്കും പങ്കുണ്ടെന്നും രാഹുല്‍ ആരോപിച്ചു.

20 വര്‍ഷത്തിനുള്ളില്‍ രണ്ട് ബില്യണ്‍ ഡോളര്‍ ലാഭം പ്രതീക്ഷിക്കുന്ന സൗരോജ്ജ വിതരണ കരാറുകള്‍ നേടാന്‍ കൈക്കൂലി ഇടപാടുകള്‍ നടത്തിയെന്നും ഇക്കാര്യം മറച്ചുവെച്ച് നിക്ഷേപത്തട്ടിപ്പ് നടത്തിയെന്നുമാണ് കേസ്. യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്റേതാണ് കുറ്റാരോപണം.

Also Read:

National
കൈക്കൂലിക്കേസിലെ കുറ്റപത്രം; യുഎസ് നിക്ഷേപപദ്ധതികളിൽ നിന്ന് പിന്മാറി അദാനി ഗ്രൂപ്പ്

265 മില്യണ്‍ ഡോളറാണ് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയത് 'ന്യൂമെറെ യൂണോ', 'ദി ബിഗ് മാന്‍' തുടങ്ങിയ കോഡുകളാണ് ഉപയോഗിച്ചിരുന്നതെന്നും പ്രോസിക്യൂട്ടര്‍മാര്‍ ആരോപിക്കുന്നു.

Content Highlights: Rahul Gandhi calls for Gautam Adani's immediate arrest

To advertise here,contact us