ന്യൂഡൽഹി: സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനെതിരായ ഹേബിയസ് കോർപസ് ഹർജി തള്ളി സുപ്രീംകോടതി. തന്റെ പെൺമക്കളെ ഇഷ ഫൗണ്ടേഷൻ ബന്ദികളാക്കിയിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജിയാണ് കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.
മക്കളായ ഗീത (42), ലത (39) എന്നിവരെ കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷന് കീഴിലുള്ള ആശ്രമത്തിൽ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി വിരമിച്ച മുൻ അധ്യാപകൻ ഡോ. എസ് കാമരാജ് ആണ് ഹർജി സമർപ്പിച്ചത്. ബന്ദികളാക്കപ്പെട്ടുവെന്ന് പറയുന്ന സ്ത്രീകൾ പ്രായപൂർത്തിയായവരാണെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് ഇവർ ആശ്രമത്തിൽ തങ്ങുന്നതെന്നും കോടതി നിരീക്ഷിച്ചു. ആശ്രമത്തിൽ താമസം തുടരാനും തിരിച്ചുപോകാനും ഇവർക്ക് സ്വാതന്ത്രമുണ്ടെന്ന് വ്യക്തമാക്കിയ കോടതി ഹർജിയിൽ തുടർ നടപടികൾ ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടി.
ഹർജിയിൽ ആരോപിക്കപ്പെട്ട വാദങ്ങൾ കണ്ടെത്താൻ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി തമിഴ്നാട് പൊലീസ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു, ഹർജിയിൽ സൂചിപ്പിച്ച യുവതികൾ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുന്നവരാണെന്നും മാതാപിതാക്കളുമായി നിരന്തരം ബന്ധം പുലർത്തിയിരുന്നെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഈ വർഷം 10 ഫോൺകോളുകൾ ഇരുവരും നടത്തിയിട്ടുണ്ട്. അതിൽ മാ മാതിയും മാതാവും തമ്മിൽ 70 ഫോൺ കോളുകൾ നടന്നിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞു.
'സന്യാസത്തിന്റെ പാതയിൽ ഞങ്ങൾ ഇഷ കേന്ദ്രത്തിൽ സന്തോഷത്തോടെ ജീവിക്കുന്നു. ഞങ്ങളെക്കുറിച്ചും ഇഷ കേന്ദ്രത്തെക്കുറിച്ചും പരസ്യമായി കളവ് പറയരുതെന്ന് മാതാപിതാക്കളോട് പറയണമെന്ന് അവർ അഭ്യർത്ഥിച്ചു. ഞങ്ങളെ ബുദ്ധിമുട്ടിപ്പിക്കരുത്', എന്ന് ഫൌണ്ടേഷനിലെ യുവതികള് പൊലീസിനെ അറിയിച്ചതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ഇതിന് പിന്നാലെയാണ് കോടതിയുടെ നിരീക്ഷണം. സെപ്റ്റംബർ 30ന് മദ്രാസ് ഹൈക്കോടതിയാണ് ഹർജിയിൽ പൊലീസ് അന്വേഷണം നടത്തണമെന്ന് ഉത്തരവിട്ടത്. അതേസമയം ജഗ്ഗി വാസുദേവിന്റെ ഇഷ യോഗ കേന്ദ്രത്തിൽ നിന്നും നിരവധി പേരെ കാണാതായതിന്റെയും ആത്മഹത്യ ചെയ്തതിന്റെയും പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു.
കഴിഞ്ഞ 15 വർഷത്തിനുള്ളിൽ ഇഷ ഫൗണ്ടേഷന്റെ പരിധിയിലുള്ള ആലന്തുരൈ പൊലീസ് സ്റ്റേഷനിൽ ആറ് മിസ്സിങ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ അഞ്ചെണ്ണം ഒഴിവാക്കുകയും അതിൽ ഒരെണ്ണത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. 15 വർഷത്തിനിടയിൽ ഏഴ് ആത്മഹത്യ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ ഫോറൻസിക് ലാബ് റിപ്പോർട്ട് ആവശ്യമുള്ള രണ്ട് കേസുകൾ അന്വേഷണത്തിലാണെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
Content Highlight: Supreme Court rejects plea against Jaggi Vasudev's Isha Foudation