ശ്രീനഗർ: ജമ്മു കശ്മീരിൽ നിയുക്ത എംഎൽഎമാരുടെ യോഗം ഇന്ന്. നാഷണൽ കോൺഫറൻസ് എംഎൽഎമാർ ഇന്ന് യോഗം ചേരും. യോഗത്തിൽ പാർലമെന്ററി പാർട്ടി നേതാവിനെ തീരുമാനിച്ചേക്കും. സത്യപ്രതിജ്ഞ അടുത്തയാഴ്ച ഉണ്ടാകാനാണ് സാധ്യത. വിജയിച്ചാൽ ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന ആവശ്യം കോൺഗ്രസ് നേരത്തെ മുന്നോട്ടു വെച്ചിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് അവ്യക്തതകളുണ്ടെന്നാണ് റിപ്പോർട്ട്. നിലവിൽ ഉപമുഖ്യമന്ത്രി സ്ഥാനം കോൺഗ്രസിന് നൽകാൻ പറ്റില്ലെന്നാണ് നാഷണൽ കോൺഫറൻസസിന്റെ പ്രതികരണം. ഉപമുഖ്യമന്ത്രി സ്ഥാനത്തിന് പകരം നാല് മന്ത്രിമാരെ നൽകണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. എന്നാൽ രണ്ട് മന്ത്രിസ്ഥാനവും ക്യാബിനറ്റ് പദവിയുള്ള ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവും നൽകാമെന്നാണ് നാഷണൽ കോൺഫറൻസിന്റെ വാഗ്ദാനം.
42 സീറ്റുകളാണ് നാഷണൽ കോൺഫറൻസ് നേടിയത്. കോൺഗ്രസ് 6, ബിജെപി 29, ജമ്മു കശ്മീർ പിജിപി 3, ജമ്മു കശ്മീർ പീപ്പിൾസ് കോൺഫറൻസ്, സിപിഐഎം, എഎപി എന്നിവർക്ക് ഒരോ സീറ്റ് വീതവുമാണ് ലഭിച്ചത്. ഏഴ് സീറ്റിൽ സ്വതന്ത്ര സ്ഥാനാർത്ഥികളാണ് വിജയിച്ചത്. പത്തു വർഷത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യം ചേർന്നായിരുന്നു നാഷണൽ കോൺഗ്രസ് പ്രവർത്തിച്ചത്. സ്വതന്ത്ര എംഎൽഎമാർ നാഷണൽ കോൺഫറൻസിന് പിന്തുണയറിയിച്ചതോടെ കോൺഗ്രസിന്റെ പിന്തുണയില്ലെങ്കിലും മന്ത്രിസഭ നിലിർത്താനാകുമെന്ന ചർച്ചകളും നാഷണൽ കോൺഫറൻസിൽ സജീവമാണ്. അടുത്ത തിങ്കൾ മുതൽ ബുധൻ വരെയുള്ള ദിവസങ്ങളിലായിരിക്കും സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക.
ജമ്മു കശ്മീരിലേത് ജനാധിപത്യത്തിന്റെ വിജയമാണെന്നായിരുന്നു ഫലപ്രഖ്യാപനത്തിന് പിന്നാലെ നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫാറുഖ് അബ്ദുള്ളയുടെ പ്രതികരണം. മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള മുഖ്യമന്ത്രിയാവുമെന്നും അടുത്ത അഞ്ച് വർഷം ജമ്മു കശ്മീരിന് വേണ്ടി പ്രവർത്തിക്കുമെന്നും ഫാറുഖ് അബ്ദുള്ള റിപ്പോർട്ടർ ടിവിയോട് പറഞ്ഞു. സംസ്ഥാന പദവി പുനസ്ഥാപിക്കാൻ ഇടപെടും. എംഎൽഎമാരെ നാമനിർദേശം ചെയ്യാനുള്ള ഗവർണറുടെ നീക്കം തടയുമെന്നും അദ്ദേഹം പ്രതികരിച്ചു.
Content Highlight: Jammu Kashmir: NC rejects Congress's claim seeking Deputy CM post