'ടാറ്റ കൈവെച്ച് പൊള്ളിയ ഏക മേഖല'; രത്തൻ ടാറ്റ എന്ന 'സിനിമാ നിർമ്മാതാവി'ന്റെ കഥ

പിന്നീട് ഒരിക്കലും അദ്ദേഹം ഒരു സിനിമാ നിർമ്മാതാവിന്റെ കുപ്പായം അണിഞ്ഞില്ല

'ഇതിഹാസങ്ങള്‍ക്ക് മരണമില്ല' പ്രമുഖ വ്യവസായി രത്തന്‍ ടാറ്റയുടെ വിയോഗത്തിൽ മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര നടത്തിയ പ്രതികരണമായിരുന്നു ഇത്. 86-ാം വയസ്സിൽ അദ്ദേഹം വിടപറയുമ്പോൾ രാജ്യം ഒന്നടങ്കം അദ്ദേഹത്തെ അനുസ്മരിക്കുകയാണ്. ലോക വ്യാവസായിക മേഖലയില്‍ ഇന്ത്യയെ അടയാളപ്പെടുത്തിയ വ്യാവസായിക പ്രമുഖനായിരുന്നു രത്തൻ ടാറ്റ. വ്യവസായ മേഖലയിൽ പുതുചരിത്രങ്ങൾ കുറിച്ച അദ്ദേഹത്തിന്റെ ജീവിതത്തിൽ അധികം ആരും കേട്ടിട്ടില്ലാത്ത ഒരു വളരെ ചെറിയ അധ്യായമുണ്ടായിരുന്നു, ഒരു സിനിമാ നിർമ്മാതാവെന്ന നിലയിലുള്ള രത്തൻ ടാറ്റയുടെ ഇടപെടൽ.

2004-ൽ രത്തൻ ടാറ്റ 'ഐത്ബാർ' എന്ന ചിത്രത്തിൻ്റെ സഹനിർമ്മാതാവായി ബോളിവുഡിലേക്ക് ഒരു ചെറിയ ചുവടുവെപ്പ് നടത്തി. വിക്രം ഭട്ട് സംവിധാനം ചെയ്ത ഐത്ബാർ 1996-ൽ പുറത്തിറങ്ങിയ 'ഫിയർ' ഹോളിവുഡ് ചിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു സൈക്കോളജിക്കൽ ത്രില്ലറായിരുന്നു. അമിതാഭ് ബച്ചൻ, ജോൺ എബ്രഹാം, ബിപാഷ ബസു എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തിയത്.

സൈക്കോപാത്തായ കാമുകനിൽ നിന്ന് മകളെ സംരക്ഷിക്കാം ശ്രമിക്കുന്ന പിതാവിനെ ചുറ്റിപ്പറ്റിയായിരുന്നു സിനിമ കഥ പറഞ്ഞത്. ടാറ്റ ഇൻഫോമീഡിയയുടെ ബാനറിൽ 9.50 കോടിയോളം രൂപ മുതൽമുടക്കിലായിരുന്നു ആ ചിത്രം ഒരുങ്ങിയത്. രത്തൻ ടാറ്റ എന്ന നിർമ്മാതാവിന് ആ സിനിമയുടെ മേൽ വലിയ പ്രതീക്ഷകൾ തന്നെയുണ്ടായിരുന്നു. എന്നാൽ ആ പ്രതീക്ഷകൾക്ക് വിപരീതമായിരുന്നു സിനിമയുടെ ബോക്സ്ഓഫീസിലെ വിധി.

വലിയ താരനിരയൊക്കെ ഭാഗമായിരുന്നെങ്കിലും ചിത്രം തിയേറ്ററുകളിൽ തകർന്നടിഞ്ഞു. ഇന്ത്യയിൽ നിന്ന് 4.50 കോടിയും ആഗോളതലത്തിൽ 7.96 കോടിയും മാത്രമായിരുന്നു ഐത്ബാറിന്റെ കളക്ഷൻ. ആ പരാജയം രത്തൻ ടാറ്റയ്ക്ക് 1.5 കോടിയുടെ നഷ്ടമാണ് ഉണ്ടാക്കിയത്. മുടക്കുമുതൽ പോലും തിരിച്ചുപിടിക്കുന്നതിൽ പരാജയപ്പെട്ടതോടെ സിനിമാ വ്യവസായത്തിൽ നിന്ന് തന്നെ അദ്ദേഹം പിൻവാങ്ങി. പിന്നീട് ഒരിക്കലും അദ്ദേഹം ഒരു സിനിമാ നിർമ്മാതാവിന്റെ കുപ്പായം അണിഞ്ഞതുമില്ല. രത്തൻ ടാറ്റ നിർമ്മിച്ച ആദ്യത്തേതും അവസാനത്തേതുമായ ചിത്രമായി അത് മാറി.

Content Highlights: A look back at the brief career of Ratan Tata as a producer in Bollywood

To advertise here,contact us