ജമ്മുവില്‍ 100 ശതമാനം വിജയം, ഹരിയാനയില്‍ ഹാട്രിക്; ആത്മവിശ്വാസവുമായി ബിജെപി

വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ ജമ്മു കശ്മീരില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

ഡല്‍ഹി: വോട്ടെണ്ണല്‍ നടക്കുന്ന ജമ്മു കശ്മീരിലും ഹരിയാനയിലും ആത്മവിശ്വാസം പ്രകടിപ്പിച്ച് ബിജെപി. ജമ്മുവില്‍ ബിജെപി അധികാരത്തില്‍ വരുമെന്ന് ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു. മൂന്നാമതും ഹരിയാനയില്‍ അധികാരത്തില്‍ വരുമെന്നും പ്രദീപ് പ്രതികരിച്ചു. വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് മുമ്പ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടായിരുന്നു പ്രദീപ് ഭണ്ഡാരിയുടെ പ്രതികരണം.

'തിരഞ്ഞെുപ്പ് ഫലം ജമ്മു കശ്മീരിനെ ഒരു വികസന അനുകൂല സംസ്ഥാനമായി മാറ്റും. ജമ്മു കശ്മീരിലെ ബിജെപിയുടേത് ചരിത്ര വിജയമായിരിക്കും. ഹരിയാനയിലും വിജയിക്കുമെന്ന വലിയ ആത്മവിശ്വാസത്തിലാണ് ഞങ്ങള്‍. ഹരിയാനയില്‍ ബിജെപി വിജയിക്കുമെന്നാണ് പ്രാദേശികമായി ലഭിക്കുന്ന വിവരങ്ങള്‍,' അദ്ദേഹം പറഞ്ഞു.

ഛത്തീസ്ഗഡില്‍ എക്‌സിറ്റ് പോളുകള്‍ക്ക് വിപരീതമായി ബിജെപി വിജയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഹരിയാനയും സമാനമായി നീണ്ട കാലത്തേക്ക് ബിജെപി ഭരിക്കും. എതിര്‍ പാര്‍ട്ടികളിലും നിന്നും വരുന്ന വ്യത്യസ്ത അഭിപ്രായങ്ങള്‍ അവര്‍ക്ക് ആത്മവിശ്വാസമില്ലെന്നതാണ് സൂചിപ്പിക്കുന്നതെന്നും പ്രദീപ് ഭണ്ഡാരി പറഞ്ഞു.

'പാര്‍ട്ടികളിലും നിന്നും വരുന്ന വ്യത്യസ്ത അഭിപ്രായങ്ങള്‍ അവര്‍ക്ക് ആത്മവിശ്വാസമില്ലെന്നതാണ് സൂചിപ്പിക്കുന്നത്. മെഹ്ബൂബ മുഫ്തി നേരത്തെ തന്നെ തോറ്റതാണ്. അവരെ ജനങ്ങള്‍ ഒഴിവാക്കി. ജമ്മു കശ്മീരില്‍ ബിജെപി വിജയിക്കുമെന്ന് 100 ശതമാനമുറപ്പുണ്ട്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ജമ്മു കശ്മീരിലെ ബിജെപി പ്രസിഡന്റും സ്ഥാനാര്‍ത്ഥിയുമായ രവീന്ദര്‍ റെയ്‌ന പ്രത്യേക പൂജ നടത്തി. വോട്ടെണ്ണലിന്റെ തൊട്ടുമുന്‍പാണ് ഗണപതി ഹോമം നടത്തിയത്. ഹരിയാനയില്‍ ബിജെപി മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന് മുഖ്യമന്ത്രി നയാബ് സിംഗ് സൈനിയും പ്രതികരിച്ചു. കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ ഹരിയാനയുടെ വികസനത്തിനായി ബിജെപി ശ്രമിച്ചിട്ടുണ്ടെന്നും സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്ക് വേണ്ടിയും ബിജെപി സര്‍ക്കാര്‍ നിലകൊണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സത്യസന്ധതയോടെയും കോണ്‍ഗ്രസ് അഴിമതിയോടെയുമാണ് പ്രവര്‍ത്തിച്ചതെന്നും സൈനി കൂട്ടിച്ചേര്‍ത്തു.

വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ ജമ്മു കശ്മീരില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാണുന്നത്. കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം 18, ബിജെപി 15, പിഡിപി 02 എന്നിങ്ങനെയാണ് വോട്ട് നില. ഹരിയാനയില്‍ കോണ്‍ഗ്രസിന്റെ തേരോട്ടമാണ് കാണാന്‍ സാധിക്കുന്നത്. കോണ്‍ഗ്രസ് 40 ഇടങ്ങളില്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ ബിജെപി 27, ഐഎന്‍എല്‍ഡി 2 എന്നിങ്ങനെയാണ് വോട്ട് നില.

Content Highlights: BJP Confident to win Haryana and Jammu Kashmir

To advertise here,contact us