ഭക്ഷണശാലകളിൽ ഉടമയുടെ പേര് പ്രദർശിപ്പിക്കണം, യുപിക്ക് പിന്നാലെ ഹിമാചലും; 'ലക്ഷ്യം വൃത്തിയുള്ള ഭക്ഷണം'

തലസ്ഥാനമായ ഷിംലയിൽ നിന്നാകും തുടക്കം

ഷിംല: ഉത്തർപ്രദേശിന് പിന്നാലെ ഭക്ഷണശാലകളിൽ ഉടമകളുടെ പേര് പ്രദർശിപ്പിക്കാൻ നിർദ്ദേശിച്ച് ഹിമാചൽ പ്രദേശും. ഹിമാചലിലെ കോൺഗ്രസ് സർക്കാരാണ് യുപിയുടെ പാത പിന്തുടർന്ന് സംസ്ഥാനത്തും സമാന ചട്ടം കൊണ്ടുവരാൻ ശ്രമിക്കുന്നത്. യോഗത്തിന് ശേഷമാകും അന്തിമ തീരുമാനമുണ്ടാകുക. ജനുവരി മുതലാകും ചട്ടം നടപ്പിലാക്കുക. തലസ്ഥാനമായ ഷിംലയിൽ നിന്നാകും തുടക്കം. ഇതിനുള്ളിൽ തിരിച്ചറിയൽ രേഖ നൽകുന്നതടക്കമുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കും.

ഉത്തർപ്രദേശിന് സമാനമായി ശക്തമായ ചട്ടം കൊണ്ടുവരാൻ ഞങ്ങളും തീരുമാനിച്ചു - ന​ഗരവികസന മന്ത്രി വിക്രമാദിത്യ സിങ് പറഞ്ഞു. വൃത്തിയുള്ള ഭക്ഷണം നൽകുന്നതിന്റെ ഭാ​ഗമായാണ് നടപടിയെന്നാണ് വിശദീകരണം. ന​ഗരവികസന മന്ത്രാലയവും മുൻസിപ്പൽ കോർപ്പറേഷനും ചേർ‌ന്നാണ് തീരുമാനം. ഉടമയുടേതിനൊപ്പം ജീവനക്കാരുടെ പേരുകളും പ്രദർശിപ്പിക്കണമെന്നാണ് വരാനിരിക്കുന്ന ചട്ടം

ഷഹറൻപൂരിൽ റൊട്ടി ഉണ്ടാക്കിക്കൊണ്ടിരിക്കെ കൗമാരക്കാരൻ അതിലേക്ക് തുപ്പുന്ന വീ‍ഡിയോ സെപ്റ്റംബർ 12 ന് വ്യാപകമായി പ്രചരിച്ചിരുന്നു. മൂത്രം കലർത്തി ജ്യൂസ് വിൽപ്പന നടത്തിയതിന് ഒരാളെ ​ഗാസിയാബാദിൽ അറസ്റ്റ് ചെയ്തിരുന്നു. ഭക്ഷണം വിളമ്പുന്നതിന് മുമ്പ് ജ്യൂസിലേക്ക് തുപ്പിയതിന് രണ്ട് പേരെ നോയിഡയിൽ ജൂണിൽ അറസ്റ്റ് ചെയ്തിരുന്നു. ഇത്തരം സംഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഭക്ഷണശാലകളിൽ കർശന നിയന്ത്രണങ്ങൾ കൊണ്ടുവരാൻ സ‍ർക്കാരുകൾ തീരുമാനിച്ചിരിക്കുന്നത്.

കൻവാർ യാത്ര കടന്നുപോകുന്ന സ്ഥലങ്ങളിലെ ഭക്ഷണശാലകളിൽ ഉടമകളുടെ പേര് പ്രദർശിപ്പിക്കണമെന്ന് യുപി സർക്കാർ കർശന നിർ​ദ്ദേശമിറക്കിയത് വലിയ വിവാദമായിരുന്നു. കോൺഗ്രസ് നേതാക്കളടക്കം വിമർശനമുന്നയിച്ച് അന്ന് രംഗത്തെത്തിയിരുന്നു. ഭരണഘടനാ ലംഘനമെന്നാണ് അന്ന് പ്രിയങ്കാ ഗാന്ധി ആ തീരുമാനത്തെ വിമർശിച്ചത്.

To advertise here,contact us