അന്നയുടെ മരണം: പൂനെയിലെ ഇവൈ കമ്പനി പ്രവർത്തിച്ചത് നിയമാനുസൃത രജിസ്ട്രേഷനില്ലാതെ

2007 മുതൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ഇവൈ 2024ലാണ് രജിസ്ട്രേഷന് അപേക്ഷ നൽകിയത്.

മുംബൈ: അമിത ജോലിഭാരത്താൽ 26കാരി അന്ന സെബാസ്റ്റ്യൻ കുഴഞ്ഞുവീണു മരിച്ച സംഭവത്തിന് പിന്നാലെ ഇ വൈ കമ്പനിക്ക് നിയമപ്രകാരമുള്ള രജ്സിട്രേഷൻ ഇല്ലെന്ന് മഹാരാഷ്ട്ര ലേബർ കമ്മീഷൻ റിപ്പോർട്ട്. 2007 മുതൽ സംസ്ഥാനത്ത് ഇ വൈ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ 2024ലാണ് രജിസ്ട്രേഷന് അപേക്ഷ നൽകിയതെന്നും ലേബർ കമ്മീഷനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

മഹാരാഷ്ട്ര ലേബർ കമ്മീഷണർ ശൈലേന്ദ്ര പോൾ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്.

പൂനെയിലെ ഇവൈ കമ്പനി കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നുവെന്നും ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്​​മെന്റ് ആക്ട് പ്രാകരമുള്ള രജിസ്ട്രേഷൻ സ്ഥാപനത്തിനില്ലെന്ന് കണ്ടെത്തിയെന്നും മഹാരാഷ്ട്ര ലേബർ കമ്മീഷണർ ശൈലേന്ദ്ര പോൾ പറഞ്ഞു. രജിസ്ട്രേഷൻ വൈകിയത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കമ്പനിക്ക് ഏഴ് ദിവസത്തെ അവധി നൽകിയിട്ടുണ്ട്. പരമാവധി ഒമ്പത് മണിക്കൂർ മാത്രമാണ് ജീവനക്കാരെ പ്രതിദിനം ജോലി ചെയ്യിപ്പിക്കാൻ അനുവാദമുള്ളൂ. ആഴ്ചയിൽ 48 മണിക്കൂറാണ് ജോലി ചെയ്യിക്കാൻ അനുമതി.

നിയം പാലിക്കാത്തത് ഒരു ജീവനക്കാരന് ശാരീരിക പ്രയാസമുണ്ടാക്കുകയോ മരണത്തിലേക്ക് വഴിവെക്കുകയോ ചെയ്താൽ ആറ് മാസം വരെ തടവോ അഞ്ച് ലക്ഷം രൂപ പിഴയോ ചുമത്തിയേക്കാം. നേരത്തെ ജീവനക്കാരുടെ ക്ഷേമത്തിനാണ് പ്രാധാന്യമെന്നും അന്നയുടെ മരണത്തിൽ ദുഖം രേഖപ്പെടുത്തുന്നുവെന്നും കമ്പനി വക്താവ് പറഞ്ഞിരുന്നു.

അതേസമയം അന്നയുടെ മരണത്തിൽ കേന്ദ്രസർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചി കളമശ്ശേരി കങ്ങരപ്പടി സ്വദേശി അന്ന സെബാസ്റ്റ്യനാണ് താമസ സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചത്. ഇതോടെയാണ് അന്ന ജോലി ചെയ്തിരുന്ന ഏണസ്റ്റ് ആൻഡ് യങ് കമ്പനിക്കെതിരെ മാതാപിതാക്കൾ രംഗത്തെത്തിയത്. മകളുടെ മരണം അമിത ജോലിഭാരം മൂലമാണെന്നാണ് മാതാപിതാക്കൾ ആരോപിച്ചത്.

ഇക്കഴിഞ്ഞ മാർച്ച് 19നാണ് അന്ന ഏണസ്റ്റ് ആൻഡ് യങ് കമ്പനിയുടെ പൂനെ ഓഫീസിൽ ജോലിക്ക് പ്രവേശിച്ചത്. അമിത ജോലി ഭാരമുണ്ടായിരുന്നിട്ടും അന്ന ഒരിക്കലും മാനേജ്മെന്റിനെ കുറ്റപ്പെടുത്തിയിട്ടില്ലെന്ന് അമ്മ കമ്പനിയുടെ ഇന്ത്യ വിഭാഗം ചെയർമാൻ രാജീവ് മേമാനിക്ക് അയച്ച തുറന്ന കത്തിൽ പറഞ്ഞിരുന്നു. അവൾ എല്ലാം സഹിച്ചു. ഇനി ഒരു കുടുംബത്തിനും ഇത്തരത്തിലൊരു അനുഭവം ഉണ്ടാകരുത് എന്ന് കരുതിയാണ് കത്തെഴുതുന്നതെന്നും അമ്മ പറഞ്ഞു.

To advertise here,contact us