ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: കേരളം മറുപടി നല്‍കിയില്ല, ഉടന്‍ കേരളത്തിലേക്കെന്ന് ദേശീയ വനിതാ കമ്മീഷന്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം കമ്മീഷന് നല്‍കണമെന്ന് സര്‍ക്കാരിനോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.

ന്യൂഡല്‍ഹി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പരാതിക്കാരെ നേരില്‍ കണ്ട് മൊഴി രേഖപ്പെടുത്താന്‍ ദേശീയ വനിതാ കമ്മീഷന്‍ ഉടന്‍ കേരളത്തിലേക്ക്. കമ്മീഷന്‍ അംഗങ്ങള്‍ക്ക് മുമ്പാകെ പുതിയ പരാതി നല്‍കാനുള്ള അവസരവുമുണ്ടാകും.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം കമ്മീഷന് നല്‍കണമെന്ന് സര്‍ക്കാരിനോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കാത്ത പശ്ചാത്തലത്തിലാണ് കേരളത്തിലേക്ക് വരാന്‍ കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്നത്. വിഷയത്തില്‍ ഒരു മറുപടിയും കേരളം ഇതുവരെ നല്‍കിയില്ലെന്നും ദേശീയ വനിതാ കമ്മീഷന്‍ പറഞ്ഞു. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് വനിതാ കമ്മീഷന്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു.

ബിജെപി നേതാക്കളായ പി ആര്‍ ശിവശങ്കരന്‍, സന്ദീപ് വചസ്പതി എന്നിവരുടെ പരാതിയിലായിരുന്നു ദേശീയ വനിതാ കമ്മീഷന്‍ ഇടപെടല്‍. എന്നാല്‍ വനിതാ കമ്മീഷന്റേത് രാഷ്ട്രീയ പ്രേരിത നടപടിയാണെന്ന് സിപിഐ നേതാവ് ആനി രാജ ആരോപിച്ചിരുന്നു.

അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ 20 പേരുടെ മൊഴികള്‍ ഗൗരവമുള്ളതാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഭൂരിഭാഗം പേരെയും 10 ദിവസത്തിനകം നേരിട്ട് ബന്ധപ്പെടാനാണ് അന്വേഷണ സംഘം തീരുമാനിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം കേസെടുക്കുന്ന ഹര്‍ജി ഹൈക്കോടതി അടുത്ത മാസം മൂന്നിന് പരിഗണിക്കും. ഹേമ കമ്മിറ്റി റിപ്പേര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ നിരവധി പേരാണ് സിനിമയില്‍ നേരിട്ട ദുരനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് രംഗത്തെത്തിയത്.

To advertise here,contact us