ആഭ്യന്തര സമിതിക്ക് പരാതി നല്‍കിയാല്‍ പ്രതികാര നടപടി; ഇവൈ കമ്പനിക്കെതിരെ ജീവനക്കാരി

ഇനിയൊരു അന്ന ഉണ്ടാകും മുന്‍പ് നടപടി വേണമെന്നും ജീവനക്കാരി ആവശ്യപ്പെട്ടു

പൂനെ: തൊഴില്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കൊച്ചി സ്വദേശിനി അന്ന സെബാസ്റ്റ്യന്‍ മരിച്ച സംഭവത്തില്‍ ഇവൈ കമ്പനിയെ പ്രതിരോധത്തിലാക്കി ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍. ആഭ്യന്തര സമിതിക്ക് പരാതി നല്‍കിയാല്‍ പ്രതികാര നടപടി സ്വീകരിക്കുന്ന രീതിയാണ് കമ്പനിയുടേതെന്ന് ജീവനക്കാരി നസീറ കാസി പറയുന്നു. തൊഴില്‍ സമ്മര്‍ദ്ദം ഇവൈ കമ്പനിയിലെ സ്ഥിരം സംഭവമാണ്. ഇനിയൊരു അന്ന ഉണ്ടാകും മുന്‍പ് നടപടി വേണമെന്നും ജീവനക്കാരി ആവശ്യപ്പെട്ടു. കമ്പനിയുടെ ചെയര്‍മാന്‍ രാജീവ് മേമാനിയുടെ സന്ദേശത്തിന് മറുപടിയായാണ് നസീറയുടെ ഇ മെയില്‍.

ഇവൈ കമ്പനിയിലെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റാണ് നസീറ. കമ്പനിയില്‍ ജീവനക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നസീറ തുറന്നു കാട്ടുന്നുണ്ട്. ജീവനക്കാരോട് വിവേചനപരമായ സമീപനമാണ് കമ്പനി സ്വീകരിക്കുന്നതെന്ന് നസീറ പറയുന്നുണ്ട്. മാനസികപീഡനവും അപമാനവും നേരിടേണ്ട സാഹചര്യമുണ്ട്. ഇതിനെതിരെ പ്രതികരിച്ചാല്‍ മാനേജ്‌മെന്റ് പ്രതികാര നടപടി സ്വീകരിക്കും. ജീവനക്കാരെ മാനസികവും ശാരീരികവുമായി കമ്പനി ചൂഷണം ചെയ്യുകയാണെന്നും നസീറ ആരോപിച്ചു. അന്നയുടെ മരണത്തിന് പിന്നാലെ നിരവധി പേര്‍ ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനിക്കെതിരെ രംഗത്തുവരുന്നുണ്ട്.

ഇക്കഴിഞ്ഞ ജൂലൈ ഇരുപതിനാണ് കളമശേരി കങ്ങരപ്പടി സ്വദേശിനിയായ അന്ന സെബാസ്റ്റ്യന്‍ താമസ സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചത്. ഇ വൈ കമ്പനിയില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായി ജോലിക്ക് പ്രവേശിച്ച് നാല് മാസത്തിനുള്ളിലായിരുന്നു അന്നയുടെ മരണം. ഉറക്കക്കുറവും സമയം തെറ്റിയുള്ള ഭക്ഷണരീതിയും അന്നയുടെ ഹൃദയാരോഗ്യത്തെ ബാധിച്ചിരുന്നതായി ചെയര്‍മാന്‍ രാജീവ് മേമാനിക്ക് അയച്ച കത്തില്‍ അന്നയുടെ അമ്മ അനിത സെബാസ്റ്റ്യന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ കത്ത് പുറത്തുവന്നതോടെയാണ് സംഭവം തന്നെ പുറത്തറിയുന്നത്. ജോലി കഴിഞ്ഞ് അന്ന വീട്ടിലെത്തുമ്പോള്‍ പലപ്പോഴും രാത്രി ഒരു മണിയാകുമായിരുന്നുവെന്ന് അമ്മ കത്തില്‍ സൂചിപ്പിച്ചിരുന്നു. മരണശേഷം പോലും അന്നയെ അവഗണിക്കുന്ന മനോഭാവമായിരുന്നു കമ്പനിയുടേതെന്ന് അച്ഛന്‍ സിബി ജോസഫും പ്രതികരിച്ചിരുന്നു.

To advertise here,contact us