'അധിക ജോലി സമയം എന്നത് സാധാരണമാകരുത്, പ്രവണത പരിശോധിക്കണം'; എച്ച്‌സിഎല്‍ മുന്‍ സിഇഒ

'കഠിനാധ്വാനം അനിവാര്യമാണ്. എന്നാല്‍ അധിക ജോലി സമയം എന്നത് സാധാരണമാകരുത്'

ന്യൂഡല്‍ഹി: ചാറ്റേര്‍ഡ് അക്കൗണ്ടന്റായ 26 കാരി അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ പ്രതികരിച്ച് എച്ച്‌സിഎല്‍ മുന്‍ സിഇഒ വിനീത് നായര്‍. അന്നയുടെ മരണം അടിസ്ഥാന പ്രശ്‌നത്തെയാണ് ചൂണ്ടികാട്ടുന്നതെന്നും തുടക്കക്കാരായ ജീവനക്കാരെ ചൂഷണം ചെയ്യുന്ന പ്രശ്‌നം അടിയന്തരമായി ഉന്നയിക്കണമെന്നും വിനീത് നായര്‍ പറഞ്ഞു. മേഖലയിലാകമാനം പരിശീലനം എന്ന പേരിലോ യാഥാര്‍ത്ഥ്യ ലോകത്തിലേക്കുള്ള തയ്യാറെടുപ്പ് എന്ന നിലയിലോ തുടക്കക്കാരായ ജീവനക്കാരന്‍ അമിതഭാരം എടുക്കേണ്ടി വരുന്നുണ്ടെന്ന് വിനീത് നായര്‍ അഭിപ്രായപ്പെട്ടു.

'കഠിനാധ്വാനം അനിവാര്യമാണ്. എന്നാല്‍ അധിക ജോലി സമയം എന്നത് സാധാരണമാകരുത്. ദൈര്‍ഘ്യമേറിയ ജോലി സമയം 35% സ്‌ട്രോക്കിനുള്ള സാധ്യതയും 17% ഹൃദ്രോഗ സാധ്യതയും വര്‍ധിപ്പിക്കുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്', വിനീത് നായര്‍ പറഞ്ഞു.

തൊഴില്‍ അന്തരീക്ഷം കമ്പനികള്‍ ഓഡിറ്റ് ചെയ്യണമെന്നും തെറ്റായ പ്രവണതകള്‍ ഒഴിവാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

നിശ്ചയിച്ചതിലും കൂടുതല്‍ സമയം ജോലി ചെയ്യിക്കേണ്ടി വരികയാണെങ്കില്‍ ജീവനക്കാര്‍ക്ക് വിശ്രമിക്കാനുള്ള ഇടങ്ങളും ഭക്ഷണവും മാനസിക ആരോഗ്യം ഉറപ്പിക്കാനുള്ള മറ്റുഘടകങ്ങളും അവധിയും അനുവദിക്കണമെന്നും വിനീത് നായര്‍ നിര്‍ദേശിച്ചു.

ഇക്കഴിഞ്ഞ ജൂലൈ ഇരുപതിനാണ് അന്ന സെബാസ്റ്റ്യന്‍ താമസിക്കുന്ന സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചത്. അമ്മ അനിത സെബാസ്റ്റ്യന്‍ മകള്‍ നേരിട്ട പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനിയുടെ ഇന്ത്യ വിഭാഗം ചെയര്‍മാന്‍ രാജീവ് മേമാനിക്ക് കത്തയച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. അമിത ജോലി ഭാരം അടിച്ചേല്‍പ്പിക്കുന്ന രീതിയായിരുന്നു കമ്പനിയുടേതെന്ന് അന്നയുടെ പിതാവ് പ്രതികരിച്ചു. അന്നയുടെ മരണത്തിന് ശേഷവും കമ്പനിയുടെ ഭാഗത്ത് നിന്ന് കടുത്ത അവഗണനയാണ് നേരിട്ടത്. അന്നയുടെ സംസ്‌കാര ചടങ്ങുകളില്‍ പോലും കമ്പനി പ്രതിനിധികള്‍ പങ്കെടുത്തില്ലെന്നെന്നും പിതാവ് ആരോപിക്കുന്നുണ്ട്. സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

To advertise here,contact us