ഹൈദരാബാദ്: തെലങ്കാന കോണ്ഗ്രസ് പ്രദേശ് കമ്മിറ്റി (ടിപിസിസി) അധ്യക്ഷനായി ബി മഹേഷ് കുമാര് ഗൗഡിനെ നിയമിച്ചു. ഓള് ഇന്ത്യ കോണ്ഗ്രസ് കമ്മിറ്റി (എഐസിസി) ജനറല് സെക്രട്ടറി കെ സി വേണുഗോപാലാണ് മഹേഷ് കുമാര് ഗൗഡിനെ ടിപിസിസി അധ്യക്ഷനായി നിയമിച്ച വിവരം അറിയിച്ചത്.
ഗോദയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക്; വിനേഷ് ഫോഗട്ടും ബജ്റംഗ് പുനിയയും കോൺഗ്രസിൽ
തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിയെ മാറ്റിയാണ് ഗൗഡിനെ അധ്യക്ഷനായി നിയമിച്ചത്. അതേസമയം രേവന്ത് റെഡ്ഡിയുടെ സംഭാവനകളെ അഭിനന്ദിക്കുന്നുവെന്നും കെ സി വേണുഗോപാല് പുറത്തിറക്കിയ പ്രസ്താവനയില് അറിയിച്ചു.
Hon'ble Congress President Shri @kharge has appointed Shri B. Mahesh Kumar Goud as the President of the Telangana Pradesh Congress Committee, with immediate effect. pic.twitter.com/Lr4LQHZSGZ
ജനുവരിയില് എംഎല്എ ക്വാട്ടയില് തെലങ്കാന ലെജിസ്ലേറ്റീവ് കൗണ്സിലില് ഗൗഡ് ഏകകണ്ഠേന തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2021 ജൂണ് 28 മുതല് ടിപിസിസിയുടെ വര്ക്കിങ് പ്രസിഡന്റായി പ്രവര്ത്തിക്കുകയായിരുന്നു മഹേഷ് കുമാര് ഗൗഡ്.
ടിപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് നിരവധി നേതാക്കള് ഉന്നം വെച്ചിരുന്നെങ്കിലും പിന്നാക്ക വിഭാഗത്തില് നിന്നുമുള്ളൊരാളെന്ന നിലയില് മഹേഷ് കുമാറിനെ അധ്യക്ഷനായി നിയമിക്കാന് പാര്ട്ടി തീരുമാനിക്കുകയായിരുന്നു.
ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നല്കിയില്ല; പൊട്ടി കരഞ്ഞ് ബിജെപി മുൻ എംഎൽഎ
ഗൗഡിനെ ടിപിസിസി അധ്യക്ഷനായി നിയമിക്കുന്നതിന് കാരണം സാമൂഹ്യനീതിയോടുള്ള കോണ്ഗ്രസിന്റെ പ്രതിബദ്ധതയാണെന്നും പ്രധാനപ്പെട്ട സ്ഥാനങ്ങളിൽ പിന്നാക്ക വിഭാഗങ്ങളില് നിന്നുള്ളവരുടെ പ്രാതിനിത്യം ഉറപ്പ് വരുത്തുകയാണെന്നും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് നേരത്തെ തന്നെ ദി ന്യൂ ഇന്ത്യന് എക്സ്പ്രസ് റിപ്പോര്ട്ട് ചെയ്തിരുന്നു.
തെലങ്കാനയിലെ ജനസംഖ്യയുടെ 50 ശതമാനത്തിലധികവും പിന്നാക്ക വിഭാഗത്തില് നിന്നുള്ളവരാണ്. അതുകൊണ്ട് തന്നെ പാര്ട്ടി അധ്യക്ഷസ്ഥാനത്ത് ഗൗഡ് വരുന്നതോടെ നേതൃത്വത്തിലും സര്ക്കാര് കാര്യങ്ങളിലും ഒരു സന്തുലിതാവസ്ഥ കൊണ്ടുവരാനാണ് കോണ്ഗ്രസ് ശ്രമിക്കുന്നത്.
തെലങ്കാന കോണ്ഗ്രസിലെ ഒരു ഗ്രൂപ്പിലും അംഗമല്ലെന്ന ഗുണവും ഗൗഡിനുണ്ടായിരുന്നു. സംസ്ഥാനത്തെ കോണ്ഗ്രസിലെ സീനിയര് ജൂനിയര് വിഭാഗങ്ങള് തമ്മിലുള്ള പ്രശ്നങ്ങള് പരിഹരിക്കാനുള്ള ഗൗഡിന്റെ ഇടപെടലും നിര്ണായകമായിരുന്നു.