ഡൽഹി മദ്യനയ അഴിമതി കേസ്; സിബിഐ കേസിൽ അരവിന്ദ് കെജ്രിവാളിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി

ഡൽഹി മദ്യനയ അഴിമതി കേസില് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യമില്ല

ന്യൂഡല്ഹി: ഡൽഹി മദ്യനയ അഴിമതി കേസില് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യമില്ല. സിബിഐ രജിസ്റ്റര് ചെയ്ത കേസില് ഇടക്കാല ജാമ്യം വേണമെന്ന ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. അറസ്റ്റും റിമാന്ഡും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടും ജാമ്യം തേടിയും നല്കിയ ഹര്ജികളില് സുപ്രീം കോടതി നോട്ടീസയച്ചു. സിബിഐ പത്ത് ദിവസത്തിനകം മറുപടി നല്കണമെന്നാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജ്വല് ഭുയന് എന്നിവര് ഉള്പ്പെട്ട ബെഞ്ചിന്റെ നിര്ദ്ദേശം. സിബിഐയുടെ മറുപടി കൂടി ലഭിച്ച ശേഷം കേസില് സുപ്രീംകോടതി വാദം കേള്ക്കും.

നേരത്തെ രണ്ട് ഹര്ജികളും ഡൽഹി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് അരവിന്ദ് കെജ്രിവാൾ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചത്. ഇഡി രജിസ്റ്റര് ചെയ്ത കേസില് അരവിന്ദ് കെജ്രിവാൾ സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ജാമ്യം നേടിയിട്ടുണ്ട്. എന്നാല് സിബിഐ രജിസ്റ്റര് ചെയ്ത കേസില് കൂടി ജാമ്യം നേടിയാലേ കെജ്രിവാളിന് ജയില് മോചിതനാകാനാകൂ.

ജൂണ് 26നാണ് കെജ്രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തത്. കള്ളപ്പണ ഇടപാട് കേസിലെ ഇഡി അറസ്റ്റില് ജൂണ് 12ന് സുപ്രീംകോടതി കെജ്രിവാളിന് ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു സിബിഐ അറസ്റ്റ്. തുടര്ന്ന് സിബിഐ അറസ്റ്റ് ചോദ്യം ചെയ്ത് ജാമ്യം അനുവദിക്കണമെന്ന ആവശ്യവുമായി കെജ്രിവാൾ ഡല്ഹി ഹൈക്കോടതിയെ സമീപിച്ചു. എന്നാല് ജസ്റ്റിസ് നീന ബന്സാല് ക്രിഷ്ണയുടെ സിംഗിള് ബെഞ്ച് ഹര്ജി തള്ളുകയായിരുന്നു. സിബിഐക്ക് കെജ്രിവാളിനെ കസ്റ്റഡിയില് സൂക്ഷിക്കാനാവശ്യമായ തെളിവുകളില്ലെന്നും ജയിലില് കഴിയുന്നത് ഉറപ്പാക്കാന് വേണ്ടിയാണ് സിബിഐ അറസ്റ്റ് എന്നുമായിരുന്നു കെജ്രിവാളിന്റെ വാദം.

മാര്ച്ച് 21നാണ് ഡല്ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. പിന്നീട് സുപ്രീംകോടതിയില് നിന്ന് 21 ദിവസത്തേക്ക് ഇടക്കാല ജാമ്യം ലഭിച്ചു. കെജ്രിവാളിന് ജാമ്യം നല്കരുതെന്ന ഇഡിയുടെ വാദത്തിനേറ്റ തിരിച്ചടിയായിരുന്നു കോടതി വിധി. ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് മേയ് 10ന് സുപ്രീംകോടതി കെജ്രിവാളിന് 21 ദിവസം ജാമ്യം അനുവദിച്ചത്. ജാമ്യകാലാവധി അവസാനിച്ച് ജൂണ് 2ന് അദ്ദേഹം ജയിലിലേക്ക് മടങ്ങിയിരുന്നു.

LIVE BLOG: അര്ജുനെ തേടി ആഴങ്ങളിലേക്ക്; ദൗത്യം ഇന്നും തുടരും, നദിയിലെ സീറോ വിസിബിലിറ്റി വെല്ലുവിളി

To advertise here,contact us