ബിഹാറിനും ആന്ധ്രാപ്രദേശിനും മികച്ച പരിഗണന; കൈനിറയെ പ്രഖ്യാപനങ്ങള്‍

ടൂറിസം വികസനത്തിന്റെ ഭാഗമായി ഗയയിലും രാജ്ഗിറിലും രണ്ട് ക്ഷേത്ര ഇടനാഴികളും പ്രഖ്യാപനത്തിലുണ്ട്

ന്യൂഡല്‍ഹി: മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യബജറ്റില്‍ ആന്ധ്രപ്രദേശിനും ബിഹാറിനും വന്‍ പ്രഖ്യാപനങ്ങള്‍. റോഡ് വികസനത്തിന്റെ ഭാഗമായി ബിഹാറില്‍ പട്‌ന-പൂര്‍ണ്ണിയ, ബുക്‌സര്‍-ഭഗല്‍പൂര്‍, ബോധ്ഗയ-രാജ്ഗിര്‍-വൈശാലി-ഡാര്‍ബംഗ എക്‌സ്പ്രസ് വേകള്‍, ബുക്‌സര്‍ ജില്ലയില്‍ ഗംഗയ്ക്ക് കുറുകെ രണ്ട് വരി പാലം, 2,400 എംഡബ്ല്യൂ പവര്‍ പ്ലാന്റ് ഉള്‍പ്പെടുന്ന വമ്പന്‍ പ്രഖ്യാപനങ്ങളാണ് ബിഹാറിനായി പ്രഖ്യാപിച്ചത്.

ടൂറിസം വികസനത്തിന്റെ ഭാഗമായി ഗയയിലും രാജ്ഗിറിലും രണ്ട് ക്ഷേത്ര ഇടനാഴികളും പ്രഖ്യാപനത്തിലുണ്ട്. വെള്ളപൊക്കത്തില്‍ നിന്നും സംസ്ഥാനത്തെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ പ്രളയത്തെ അതീജിവിക്കാനുള്ള സംവിധാനങ്ങള്‍ നിര്‍മ്മിക്കാന്‍ 11,500 കോടി രൂപ പ്രഖ്യാപിച്ചു. മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച പൂര്‍വ്വോദയ പദ്ധതിയിലും ബിഹാര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍, ഒഡിഷ, ആന്ധ്രപ്രദേശ് എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെട്ട മറ്റുസംസ്ഥാനങ്ങള്‍. ബിഹാറിന് കൂടുതല്‍ മെഡിക്കല്‍ കോളേജുകളും വിമാനത്താവളവും ധനമന്ത്രി പ്രഖ്യാപിച്ചു.

ആന്ധ്രപ്രദേശിനും നിര്‍മ്മലാ സീതാരാമന്റെ ബജറ്റില്‍ വലിയ പ്രഖ്യാപനങ്ങളുണ്ട്. റെയില്‍-റോഡ് വികസനപദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കികൊണ്ടുള്ള പ്രഖ്യാപനങ്ങളാണ് സംസ്ഥാനത്തിന് ലഭിച്ചത്. തലസ്ഥാന നഗരവികസനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിച്ച് സംസ്ഥാനത്തിന് 15,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിച്ചു. വരും വര്‍ഷങ്ങളിലും അധിക സഹായം നല്‍കുമെന്ന് ധനമന്ത്രി ഉറപ്പ് നല്‍കി. പിന്നാക്ക മേഖലയുടെ വികസനത്തിനും സാമ്പത്തിക സഹായം അനുവദിച്ചു. നരേന്ദ്രമോദി സര്‍ക്കാര്‍ മൂന്നാമതും അധികാരത്തില്‍ എത്തുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച രണ്ട് സംസ്ഥാനങ്ങളാണ് ബിഹാറും ആന്ധ്രപ്രദേശും.

To advertise here,contact us