'കണ്ടുപിടിക്കാന്‍ സംവിധാനം ഉണ്ട്, ഓര്‍ത്തിരിക്കുന്നത് നല്ലതാണ്'; 'ചാരന്‍'മാരോട് കെ സി വേണുഗോപാല്‍

മുരളീധരനെ ചിലര്‍ വിമര്‍ശിച്ചെന്ന മാധ്യമ വാര്‍ത്ത തെറ്റാണെന്നും സുധാകരന്‍ പറഞ്ഞു.

തിരുവനന്തപുരം: വയനാട് നടന്ന കെപിസിസി നേതൃ ക്യാംപില്‍ മുതിര്‍ന്ന നേതാവ് കെ മുരളീധരനെ ആരും വിമര്‍ശിച്ചിട്ടില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും തമ്മില്‍ തര്‍ക്കമെന്ന് വാര്‍ത്ത കണ്ടു. മാധ്യമങ്ങളെ കുറ്റം പറയുന്നില്ല. ഇല്ലാത്ത ഇത്തരം വാര്‍ത്തകള്‍ എത്തിച്ചു കൊടുക്കുന്ന ചില കുബുദ്ധികള്‍ നമ്മുടെ കൂട്ടത്തിലുണ്ട്. അവരെ കണ്ടുപിടിക്കാന്‍ പാര്‍ട്ടിക്ക് സംവിധാനം ഉണ്ട്. അത്തരക്കാര്‍ ഓര്‍ത്തിരിക്കുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.

കെപിസിസി യോഗത്തില്‍ കെ മുരളീധരനെ ആരും വിമര്‍ശിച്ചിട്ടില്ലെന്ന് നേരത്തെ സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ കെ സുധാകരനും പറഞ്ഞിരുന്നു. മുരളീധരനെ ചിലര്‍ വിമര്‍ശിച്ചെന്ന മാധ്യമ വാര്‍ത്ത തെറ്റാണെന്നും സുധാകരന്‍ പറഞ്ഞു. അതേ സമയം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാലും കോണ്‍ഗ്രസ് വിട്ട് താന്‍ പോകില്ലെന്ന് കെ മുരളീധരന്‍ പറഞ്ഞു .മരിച്ചു പോയ കെ കരുണാകരന് ചീത്തപ്പേരുണ്ടാക്കില്ല. വയനാട് കെപിപിസിസി എക്‌സിക്യൂട്ടിവില്‍ തൃശൂര്‍ പരാജയം ചര്‍ച്ചയായിട്ടില്ല. ചര്‍ച്ച ചെയ്യാതിരിക്കാനാണ് താന്‍ പങ്കെടുക്കാതിരുന്നത്. വയനാട് ഉപതിരഞ്ഞെടുപ്പില്‍ സജീവമായി പ്രചാരണത്തിനുണ്ടാകും. തദ്ദേശ തിരഞ്ഞെടുപ്പില്‍ പി സി വിഷ്ണുനാഥിനൊപ്പം തിരുവനന്തപുരം കോര്‍പ്പറേഷനിലും സജീവമായി പ്രവര്‍ത്തിക്കുമെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.

ഉമ്മന്‍ ചാണ്ടി അനുസ്മരണ പരിപാടിയായതുകൊണ്ടാണ് ഇന്ന് കോഴിക്കോട് ഡിസിസി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യാന്‍ എത്തിയത്. ഓടി നടന്ന് പ്രസംഗിച്ചാലൊന്നും പാര്‍ട്ടി നന്നാവില്ല. കെ സുധാകരന് കണ്ണൂരും രമേശിന് കോഴിക്കോടും നല്‍കിയത് നല്ല തീരുമാനമാണ്, ഇങ്ങനെയാണ് കാര്യങ്ങള്‍ ചെയ്യേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു.

ഇരുട്ടത്ത് ഇരുന്ന് പോസ്റ്റര്‍ ഒട്ടിക്കുന്നവരെ പാര്‍ട്ടിയില്‍ നിന്ന് ചവിട്ടി പുറത്താക്കണമെന്ന് പാലോട് രവിക്ക് എതിരെയുള്ള പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടതില്‍ അദ്ദേഹം പ്രതികരിച്ചു. ടി എന്‍ പ്രതാപനും ഷാനി മോള്‍ ഉസ്മാനും വയനാട് ക്യാമ്പില്‍ തനിക്കെതിരെ ഒരു വിമര്‍ശനവും ഉന്നയിച്ചിട്ടില്ലെന്ന് അവര്‍ തന്നെ രാവിലെ ഫോണില്‍ വിളിച്ച് അറിയിച്ചിട്ടുണ്ടെന്നും മുരളീധരന്‍ വ്യക്തമാക്കി.

To advertise here,contact us