ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻ്റെ വസതിയിൽ വച്ച് ആക്രമിക്കപ്പെട്ട ഡല്ഹി മുന് വനിത കമ്മീഷൻ ചെയർപേഴ്സൺ സ്വാതി മലിവാൾ എം പിയുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തിൻ്റെ വിശദാംശങ്ങൾ ശേഖരിക്കാൻ ഡൽഹി പൊലീസിൻ്റെ രണ്ടംഗ സംഘമാണ് സെൻട്രൽ ഡൽഹിയിലെ വസതിയിൽ എത്തി മൊഴി രേഖപ്പെടുത്തിയത്.
തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ വസതിയിൽ നടന്ന സംഭവത്തെക്കുറിച്ച് മലിവാൾ പൊലീസിനോട് പറഞ്ഞതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. മലിവാളിൻ്റെ മൊഴി രേഖപ്പെടുത്തിയതോടെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തേക്കുമെന്ന് ഉദ്യോഗസ്ഥൻ അറിയിച്ചു.
കെജ്രിവാളിന്റെ വസതിയിൽ വെച്ച് സ്വാതി മലിവാൾ ആക്രമിക്കപ്പെട്ടതായി അവകാശപ്പെട്ട് തിങ്കളാഴ്ച രാവിലെ ഡൽഹി പൊലീസിന് കോൾ ലഭിച്ചതായി പ്രാഥമിക റിപ്പോർട്ടുകൾ വന്നിരുന്നു. മലിവാൾ പിന്നീട് സിവിൽ ലൈൻ പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും പരാതി നൽകാതെ മടങ്ങി.
ഉത്തരേന്ത്യയിൽ ബിജെപിക്ക് കാലിടറും, 80 മുതൽ 95 സിറ്റിങ്ങ് സീറ്റുകൾ വരെ നഷ്ടമാകും: പരകാല പ്രഭാകർ
കെജ്രിവാളിൻ്റെ പ്രൈവറ്റ് സെക്രട്ടറി ബിഭവ് കുമാർ മുഖ്യമന്ത്രിയെ കാണാൻ കാത്തുനിന്ന മലിവാളിനോട് മോശമായി പെരുമാറിയെന്ന് എഎപി നേതാവ് സഞ്ജയ് സിംഗ് ചൊവ്വാഴ്ച സമ്മതിച്ചു. സംഭവം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കർശന നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സിംഗ് കൂട്ടിച്ചേർത്തു. സ്വാതി മലിവാളിനോട് മോശമായി പെരുമാറിയതിൽ പ്രതിഷേധിച്ച് നിരവധി ബിജെപി നേതാക്കൾ ബുധനാഴ്ച അരവിന്ദ് കെജ്രിവാളിൻ്റെ ഔദ്യോഗിക വസതിക്ക് സമീപം പ്രതിഷേധിച്ചിരുന്നു.