'പെരുമാറ്റച്ചട്ട ലംഘന'ത്തില് നടപടി: പ്രധാനമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ

ജനപ്രാതിനിധ്യ നിയമത്തിന്റെ 77ആം വകുപ്പ് പ്രകാരമാണ് നടപടി.

ഡല്ഹി: പെരുമാറ്റച്ചട്ടം ലംഘിച്ച് പ്രസംഗിച്ചെന്ന പരാതിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയോടും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയോടും വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ. പാർട്ടി അധ്യക്ഷൻമാരിൽ നിന്നും വിശദീകരണം തേടി. ഇരുവരും പെരുമാറ്റ ചട്ടം ലംഘിച്ച് പ്രസംഗിച്ചെന്ന പരാതിയിലാണ് നടപടി. ജനപ്രാതിനിധ്യ നിയമത്തിന്റെ 77-ാം വകുപ്പ് പ്രകാരമാണ് നടപടി.

ഏപ്രിൽ 29 ന് 11 മണിക്കുള്ളിൽ മറുപടി നൽകണം. താര പ്രചാരകരുടെയും സ്ഥാനാർത്ഥികളുടെയും കാര്യത്തിൽ പ്രാഥമിക ഉത്തരവാദിത്വം രാഷ്ട്രീയപാർട്ടികൾക്കാണ്. ഉന്നത പദവിയിൽ ഉള്ളവരുടെ തിരഞ്ഞെടുപ്പ് പ്രസംഗത്തിൻ്റെ ഉള്ളടക്കം ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷിച്ചു. മതം, ജാതി, സമുദായം എന്നിവയുടെ പേരിൽ വിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിച്ചുവെന്ന ആരോപണം ബിജെപിയും കോൺഗ്രസും പരസ്പരം ഉന്നയിച്ചിരുന്നു.

ഏപ്രിൽ 11 ന് കോട്ടയത്ത് രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിൻ്റെ അടിസ്ഥാനത്തിലാണ് കോൺഗ്രസിന് നോട്ടീസ് അയച്ചത്. ബിജെപി രാജ്യത്തെ മതത്തിൻ്റെയും, ജാതിയുടെയും, ഭാഷയുടെയും പേരിൽ വിഭജിക്കാൻ ശ്രമിക്കുന്നു എന്നതായിരുന്നു രാഹുൽ നടത്തിയ പരാമർശം. ഏപ്രിൽ 21 ന് രാജസ്ഥാനിലെ ബൻസ്വരയിൽ മോദി നടത്തിയ പ്രസംഗത്തിലാണ് ബിജെപിക്ക് നോട്ടീസ് അയച്ചത്. ണ്ഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനം ചൂണ്ടിക്കാണിച്ചായിരുന്നു രാജസ്ഥാനിൽ വച്ച് നരേന്ദ്രമോദിയുടെ വിവാദ പരാമര്ശം.

കടന്നുകയറ്റക്കാര്ക്കും കൂടുതല് കുട്ടികള് ഉള്ളവര്ക്കും നിങ്ങളുടെ സ്വത്ത് നല്കുന്നത് അംഗീകരിക്കാനാവുമോ എന്നതായിരുന്നു മോദിയുടെ വിവാദ പരാമർശങ്ങളിലൊന്ന്. 'അമ്മമാരുടെയും സഹോദരിമാരുടെയും സ്വര്ണ്ണത്തിന്റെ കണക്കെടുത്ത് ആ സ്വത്ത് വീതിക്കുമെന്നാണ് കോണ്ഗ്രസിന്റെ പ്രകടന പത്രിക പറയുന്നത്. രാജ്യത്തിന്റെ സ്വത്തില് മുസ്ലീങ്ങള്ക്ക് ആദ്യ അവകാശമുണ്ടെന്നാണ് മന്മോഹന് സിംഗ് സര്ക്കാര് പറഞ്ഞിരുന്നത്. ഈ സ്വത്തുക്കളെല്ലാം കൂടുതല് മക്കളുള്ളവര്ക്കും നുഴഞ്ഞുകയറ്റക്കാര്ക്കും നല്കുമെന്നാണ് അതിനര്ഥം. നിങ്ങള് അധ്വാനിച്ചുണ്ടാക്കിയ സ്വത്തുക്കള് നുഴഞ്ഞുകയറ്റക്കാര്ക്കു നല്കണോ? ഇത് നിങ്ങള്ക്ക് അംഗീകരിക്കാനാകുമോ?' എന്നായിരുന്നു രാജസ്ഥാനിലെ ബന്സ്വാരയില് നടന്ന തിരഞ്ഞെടുപ്പ് റാലിയില് നരേന്ദ്ര മോദിയുടെ പരാമര്ശം

To advertise here,contact us