ന്യൂഡൽഹി: മദ്യനയ കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഇഡി കസ്റ്റഡി ഇന്ന് അവസാനിക്കും. കേജ്രിവാളിനെ കോടതിയിൽ ഹാജരാക്കും. ദില്ലി റൗസ് അവന്യൂ കോടതിയിലാണ് ഉച്ചയോടെ അരവിന്ദ് കേജ്രിവാളിനെ ഹാജരാക്കുക. വീണ്ടും ദില്ലി മുഖ്യമന്ത്രിയെ കസ്റ്റഡിയിൽ വേണം എന്ന ആവശ്യം ഇഡി ഉന്നയിക്കും.
കേജ്രിവാളിനെ കൂടുതൽ ചോദ്യം ചെയ്യാനുണ്ടെന്നാണ് ഇഡി നിലപാട്. ചോദ്യം ചെയ്യലിനോട് കേജ്രിവാൾ നിസ്സഹരണം തുടരുന്ന പശ്ചാത്തലത്തിലാണ് ആവശ്യം. 4 ദിവസം കൂടി നീട്ടി ചോദിച്ചേക്കും എന്നാണ് സൂചന.
തടവറയിൽ നിന്നും അരവിന്ദ് കെജ്രിവാളിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ
അരവിന്ദ് കെജ്രിവാളിന്റെ മൊബൈൽ ഫോൺ പരിശോധനയ്ക്ക് ഫോൺ പാസ്സ്വേർഡ് നൽകുന്നില്ല എന്ന വിവരവും ഇഡി ഇന്ന് കോടതിയെ അറിയിക്കും. ഫോൺ പരിശോധിക്കാൻ ഇഡി ആപ്പിളിനെ സമീപിച്ചിരുന്നു. അതെസമയം ചോദ്യം ചെയ്യലിനായി നാലു ദിവസം കൂടി നീട്ടി ചോദിക്കാനുള്ള ഇഡിയുടെ ആവശ്യം കേജ്രിവാളിൻ്റെ അഭിഭാഷകൻ കോടതിയിൽ എതിർക്കും. അറസ്റ്റും കസ്റ്റഡിയും നിയമവിരുദ്ധം എന്ന മുൻ വാദത്തിൽ ഊന്നിത്തന്നെയാകും കേജ്രിവാളിൻ്റെ വാദം.
ദില്ലി മദ്യനയ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ബിആർസ് നേതാവ് കെ കവിതയുടെ ജാമ്യ അപേക്ഷയും ഇന്ന് റൗസ് അവെന്യൂ കോടതി പരിഗണിക്കും. ഏപ്രിൽ 9 വരെയാണ് കവിതയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. അതേസമയം കൈലാഷ് ഗെലോട്ട് അടക്കമുള്ള എഎപി നേതാക്കളെ മദ്യനയ കേസിൽ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും.