ന്യൂഡൽഹി: ഇഡിയെ ഉപയോഗിച്ച് ആം ആദ്മി പാർട്ടിയുടെയും ഇൻഡ്യ സഖ്യത്തിൻ്റെയും വിവരങ്ങൾ ചോർത്താൻ ബിജെപി ശ്രമിക്കുന്നതായി ഡല്ഹി മന്ത്രി അതിഷി മർലേന. അതിനാണ് അരവിന്ദ് കെജ്രിവാളിന്റെ മൊബൈല് ഫോണിലെ വിവരങ്ങള് ഇഡി ആവശ്യപ്പെടുന്നതെന്നും അതിഷി ആരോപിച്ചു.
മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻ്റെ മൊബൈൽ ഫോൺ കേന്ദ്രികരിച്ച് നടക്കുന്ന ഇഡി അന്വേഷണം ബിജെപിക്ക് വേണ്ടിയെന്നാണ് ആം ആദ്മി പാർട്ടി ആരോപണം. ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണം, ഇൻഡ്യ സഖ്യവുമായി ബന്ധപ്പെട്ട വിവരങ്ങൾ, മണ്ഡലങ്ങളിലെ ആം ആദ്മി പാർട്ടി പ്രചാരണം എന്നിവ ചോർത്താനാണ് നീക്കം. ഇഡിക്ക് ഈ വിവരങ്ങള് ആവശ്യമില്ല, എന്നാല് ബിജെപിക്ക് വളരെ ആവശ്യമാണെന്നും അതിഷി മർലേന പറഞ്ഞു.
കെജ്രിവാൾ യഥാർത്ഥ രാജ്യസ്നേഹിയെന്ന് ഭാര്യ സുനിത പ്രതികരിച്ചു. കെജ്രിവാളിൻ്റെ അറസ്റ്റിൽ പ്രതികരണവുമായി ഐക്യരാഷ്ട്ര സഭയും രംഗത്തെത്തി. എല്ലാവരുടേയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് കരുതുന്നതായി കെജ്രിവാളിൻ്റെ അറസ്റ്റ് അടക്കമുള്ള ചോദ്യങ്ങളോട് യു എൻ വക്താവ് സ്റ്റിഫൻ ഡുജാറിക് പ്രതികരിച്ചു. സ്വതന്ത്രവും നീതി പൂർവ്വകവുമായ സാഹചര്യത്തിൽ വോട്ട് ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി സ്റ്റിഫൻ വ്യക്തമാക്കി.
കെജ്രിവാൾ കൊ ആശീർവാദ് എന്ന പുതിയ ക്യാമ്പയിന് തുടക്കമിട്ടിരിക്കുകയാണ് എഎപി. ബിജെപി ആസ്ഥാനത്ത് ഇന്ന് പ്രതിഷേധിക്കാനുള്ള നീക്കം ഇൻഡ്യ സഖ്യം ഉപേക്ഷിച്ചു. മറ്റന്നാള് രാംലീല മൈതാനിയിലെ വലിയ പ്രതിഷേധത്തിന് സന്നാഹമൊരുക്കാനാണ് ഇന്നത്തെ പ്രതിഷേധം ഒഴിവാക്കിയത്. എഎപി മന്ത്രിമാര് മുഖ്യമന്ത്രിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ഇന്ന് ലഘുലേഖകള് വിതരണം ചെയ്തു.
കെജ്രിവാൾ രാജ്യസ്നേഹിയെന്ന് ഭാര്യ; പ്രാർത്ഥന പങ്കുവെക്കാൻ 'കെജ്രിവാൾ കോ ആശീർവാദ്' ക്യാംപെയിൻ