ഹോളി ആഘോഷത്തിനിടെ മുസ്ലിം കുടുംബത്തെ അപമാനിച്ചു, വെള്ളമൊഴിച്ചു, നിറം തേച്ചു; യുപിയിൽ പ്രതി പിടിയിൽ

ബക്കറ്റിൽ വെള്ളം കൊണ്ടുവന്ന് സ്ത്രീകളുടെ ശരീരത്തിലേക്ക് ഒഴിച്ചു. ആൾക്കൂട്ടം ബലമായി ഇവരുടെ മുഖത്ത് കളർ തേച്ചു

ലക്നൗ: ഹോളി ആഘോഷത്തിനിടെ മുസ്ലിങ്ങളെ ആക്രമിച്ച സംഭവത്തിൽ ഉത്തർപ്രദേശിൽ ഒരാൾ അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പ്രായപൂർത്തിയാകാത്തവരെയും പിടികൂടി. ഒരു മുസ്ലിം പുരുഷനെയും രണ്ട് സ്ത്രീകളെയും അപമാനിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് പൊലീസ് നടപടി.

ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന പുരുഷനെയും രണ്ട് സ്ത്രീകളെയും കുറച്ച് പേർ ചേർന്ന് തടഞ്ഞുവെച്ചതായി വൈറലായ വീഡിയോയിൽ കാണാം. ഹോളി ആഘോഷിക്കുകയായിരുന്ന ഈ ആൾക്കൂട്ടം ഇവർക്ക് നേരെ പൈപ്പിൽ വെള്ളം ചീറ്റി. സ്ത്രീകൾ ഇത് എതിർത്തിട്ടും ആളുകൾ ഇത് തുടർന്നു. പിന്നാലെ ബക്കറ്റിൽ വെള്ളം കൊണ്ടുവന്ന് സ്ത്രീകളുടെ ശരീരത്തിലേക്ക് ഒഴിച്ചു. ആൾക്കൂട്ടം ബലമായി ഇവരുടെ മുഖത്ത് കളർ തേക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.

സ്ത്രീകൾ എതിർത്തതോടെ ഇത് 70 വർഷമായി തുടരുന്ന ആചാരമാണെന്നായിരുന്നു ആളുകളുടെ പ്രതികരണം. ഒടുവിൽ ഇവരെ പോകാൻ അനുവദിച്ചെങ്കിലും ആൾക്കൂട്ടം മതപരമായ മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്യുന്നുണ്ട്. വൈകാതെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഇതോടെ പൊലീസ് കേസെടുക്കുകയായിരുന്നു. വീഡിയോ പരിശോധിച്ച് മൂവർ സംഘത്തെ തിരിച്ചറിഞ്ഞ പൊലീസ് ഇവരെ പിടികൂടുകയായിരുന്നു. അനിരുദ്ധ് എന്നയാളാണ് നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ളത്. ഹോളി ആഘോഷത്തിനിടെ ആളുകളുടെ ശരീരത്തിൽ ബലപ്രയോഗത്തിലൂടെ നിറങ്ങൾ തേക്കരുതെന്ന് പൊലീസ് എക്സിലൂടെ മുന്നറിയിപ്പ് നൽകി.

To advertise here,contact us