സിന്ദൂരം ധരിക്കുക എന്നത് സ്ത്രീയുടെ മതപരമായ കടമ, വിവാഹിത എന്നതിന്റെ സൂചന: കുടുംബകോടതി

ആചാരപരമായി 'സിന്ദൂരം' ധരിക്കുന്നത് ഒരു ഹിന്ദു സ്ത്രീയുടെ കടമയാണെന്ന് നിരീക്ഷിച്ച കോടതി സ്ത്രീയോട് ഉടൻ തന്നെ ഭർത്താവിൻ്റെ വീട്ടിലേക്ക് മടങ്ങാനും ആവശ്യപ്പെട്ടു.

ഇൻഡോർ: വിവാഹിതയാണെന്ന് സൂചിപ്പിക്കുന്നതിനായി സിന്ദൂരം ധരിക്കുന്നത് ഒരു ഹിന്ദു സ്ത്രീയുടെ കടമയാണെന്ന് ഇന്ഡോറിലെ കുടുംബകോടതി. ഭാര്യ ഉപേക്ഷിച്ചു പോയതിനെ തുടര്ന്ന് ഹിന്ദു വിവാഹ നിയമപ്രകാരമുള്ള തന്റെ അവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഭര്ത്താവിൻ്റെ ഹർജിയിലായിരുന്നു കോടതിയുടെ ഈ നിരീക്ഷണം.

ആചാരപരമായി 'സിന്ദൂരം' ധരിക്കുന്നത് ഒരു ഹിന്ദു സ്ത്രീയുടെ കടമയാണെന്ന് നിരീക്ഷിച്ച കോടതി സ്ത്രീയോട് ഉടൻ തന്നെ ഭർത്താവിൻ്റെ വീട്ടിലേക്ക് മടങ്ങാനും ആവശ്യപ്പെട്ടു. ഇൻഡോർ കുടുംബ കോടതി പ്രിൻസിപ്പൽ ജഡ്ജി എൻ പി സിങ്ങിൻ്റേതാണ് നിർദ്ദേശം.

"സ്ത്രീയുടെ മൊഴി കോടതിയിൽ രേഖപ്പെടുത്തിയപ്പോൾ, താൻ സിന്ദൂരം ധരിച്ചിട്ടില്ലെന്ന് അവർ സമ്മതിച്ചു, സിന്ദൂരം ഒരു ഭാര്യയുടെ മതപരമായ കടമയാണ്, വിവാഹം കഴിഞ്ഞ സ്ത്രീയാണെന്ന് ഇത് കാണിക്കുന്നു." മാർച്ച് ഒന്നിലെ ഉത്തരവില് ജഡ്ജി പറയുന്നു. പെണ്കുട്ടി ഭര്ത്താവിനെ ധിക്കരിച്ചുവെന്നും ഭർത്താവിന്റെ വീട് വിട്ടിറങ്ങി പോയെന്നും വിവാഹമോചനം ആവശ്യപ്പെട്ടുവെന്നും കോടതി നിരീക്ഷിച്ചു.

സ്ത്രീധനത്തിനുവേണ്ടി ഭർത്താവ് തന്നെ ശാരീരികമായും മാനസികമായും ഉപദ്രവിക്കുന്നുവെന്നായിരുന്നു യുവതിയുടെ വാദം. എന്നാല് താന് നേരിട്ട ആക്രമണങ്ങളില് യുവതി രേഖാമൂലം പരാതിയൊന്നും നല്കിയിട്ടില്ലെന്ന് നിരീക്ഷിച്ച കോടതി പെണ്കുട്ടിയുടെ വാദം തള്ളി. ശേഷം പെണ്കുട്ടിയോട് ഭർതൃവീട്ടിലേയ്ക്ക് മടങ്ങാന് ആവശ്യപ്പെടുകയായിരുന്നു.

To advertise here,contact us