കോൺഗ്രസ് നാലാം ഘട്ട സ്ഥാനാർത്ഥി പട്ടിക: മോദിക്കെതിരെ അജയ് റായ്, ദിഗ് വിജയ് സിങ് രാജ്ഗഡിൽ

മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ദിഗ്വിജയ സിംഗ് രാജ്ഗഡ് മണ്ഡലത്തിൽ നിന്നും അജയ് റായ് വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും മത്സരിക്കും

ന്യൂഡൽഹി: കോൺഗ്രസിന്റെ നാലാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. മധ്യപ്രദേശ് മുൻമുഖ്യമന്ത്രി ദിഗ്വിജയ സിംഗ്, ഉത്തർപ്രദേശ് പിസിസി പ്രസിഡൻ്റ് അജയ് റായ്, പി ചിദംബരത്തിൻ്റെ മകൻ കാർത്തി പി ചിദംബരം എന്നിവരുൾപ്പെടെ 46 ലോക്സഭാ സ്ഥാനാർത്ഥികളുടെ നാലാമത്തെ പട്ടികയാണ് കോൺഗ്രസ് ശനിയാഴ്ച പ്രഖ്യാപിച്ചത്. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ദിഗ്വിജയ സിംഗ് രാജ്ഗഡ് മണ്ഡലത്തിൽ നിന്നും അജയ് റായ് വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും മത്സരിക്കും.

കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി ചിദംബരത്തിൻ്റെ മകൻ കാർത്തി ചിദംബരത്തെ തമിഴ്നാട്ടിലെ ശിവഗംഗ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) നേതാവ് ഡാനിഷ് അലി ഉത്തർപ്രദേശിലെ അംരോഹ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാവും. കോൺഗ്രസ് നേതാവ് പിഎൽ പുനിയയുടെ മകൻ തനൂജ് പുനിയയ്ക്ക് ഉത്തർപ്രദേശിലെ ബാരാ ബാങ്കിയിൽ നിന്നാണ് ലോക്സഭാ ടിക്കറ്റ് ലഭിച്ചത്.

തമിഴ്നാട്ടിൽ നിന്നുള്ള സിറ്റിംഗ് എംപി മാണിക്കം ടാഗോർ വിരുദ്ധ്നഗറിൽ വീണ്ടും മത്സരിക്കും. രാജസ്ഥാനിലെ നാഗൗർ ലോക്സഭാ മണ്ഡലത്തില് ഹനുമാൻ ബേനിവാളിൻ്റെ രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടി മത്സരിക്കും.

To advertise here,contact us