ന്യൂഡൽഹി: തിരഞ്ഞെടുപ്പിനിടെ രാഷ്ട്രീയപാര്ട്ടികള് സൗജന്യങ്ങള് വാഗ്ദാനം ചെയ്യുന്നതിനെതിരായ പൊതുതാല്പ്പര്യ ഹര്ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ലോക്സഭാ തിരഞ്ഞെടുപ്പ് ഏപ്രില് 19ന് ആരംഭിക്കാനിരിക്കെയാണ് സുപ്രീം കോടതി നടപടി. നേരത്തെ വാദം കേള്ക്കണമെന്ന് ഹര്ജിക്കാരന്റെ അഭിഭാഷകന് സൂചിപ്പിച്ചതിന് പിന്നാലെയാണ് കേസ് ബുധനാഴ്ച പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചത്.
വോട്ടര്മാരില് നിന്ന് അനാവശ്യമായ രാഷ്ട്രീയ പ്രീതി നേടുന്നതിനായി ഭരണഘടനയെ ലംഘിക്കുന്ന തരത്തിലുള്ള ജനപ്രിയ നടപടികള് പ്രഖ്യാപിക്കുന്നത് പൂര്ണ്ണമായും നിരോധിക്കണമെന്നാണ് ഹര്ജിയിലെ ആവശ്യം. ഇത് തടയാന് തിരഞ്ഞെടുപ്പ് കമ്മീഷന് ഉചിതമായ പ്രതിരോധ നടപടികള് കൈക്കൊള്ളണമെന്നും ഹര്ജിയില് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വാര്ത്ത ഏജന്സിയായ എഎന്ഐ റിപ്പോര്ട്ട് ചെയ്യുന്നത്. അഭിഭാഷകനും പൊതുതാല്പര്യ ഹര്ജിക്കാരനുമായ അശ്വിനി ഉപാധ്യായയാണ് ഹര്ജിക്കാരന്. ഹര്ജിക്കാരന് വേണ്ടി മുതിര്ന്ന അഭിഭാഷകന് വിജയ് ഹന്സാരിയയാണ് ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഹര്ജി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഈ വാദങ്ങള് സുപ്രീം കോടതിയുടെ ശ്രദ്ധയില്പ്പെടുത്തിയത്.
തെരഞ്ഞെടുപ്പിന് മുമ്പ് പൊതുഫണ്ടില് നിന്ന് യുക്തിരഹിതമായ സൗജന്യങ്ങള് വാഗ്ദാനം ചെയ്യുന്നത് വോട്ടര്മാരെ അനാവശ്യമായി സ്വാധീനിക്കുകയും തിരഞ്ഞെടുപ്പ് രംഗത്തെ തടസ്സപ്പെടുത്തുകയും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ പരിശുദ്ധിയെ നശിപ്പിക്കുകയും ചെയ്യുമെന്ന് പ്രഖ്യാപിക്കണമെന്നാണ് പൊതുതാല്പര്യ ഹര്ജിയിലെ പ്രധാന ആവശ്യം.
തിരഞ്ഞെടുപ്പിനെ മുന്നിര്ത്തി സൗജന്യങ്ങള് വാഗ്ദാനം ചെയ്ത് വോട്ടര്മാരെ സ്വാധീനിക്കുന്ന രാഷ്ട്രീയ പാര്ട്ടികളുടെ സമീപകാല പ്രവണത ജനാധിപത്യ മൂല്യങ്ങളുടെ നിലനില്പ്പിന് വലിയ ഭീഷണിയാണ്. ഇത് ഭരണഘടനയുടെ ആത്മാവിനെ വ്രണപ്പെടുത്തുന്നുവെന്നും ഹര്ജി വാദിക്കുന്നു. അധികാരത്തില് തുടരാന് സര്ക്കാര് ഖജനാവില് നിന്നും വോട്ടര്മാര്ക്ക് കൈക്കൂലി നല്കുന്നത് പോലെയാണ് ഈ നടപടിയെന്നും ജനാധിപത്യ തത്വങ്ങളും ആചാരങ്ങളും സംരക്ഷിക്കാന് അത് ഒഴിവാക്കണമെന്നും ഹര്ജിയില് ആവശ്യപ്പെടുന്നുണ്ട്.
സംസ്ഥാന പാര്ട്ടിയായി അംഗീകരിക്കുന്നതിനുള്ള വ്യവസ്ഥകള് കൈകാര്യം ചെയ്യുന്ന 1968ലെ തിരഞ്ഞെടുപ്പ് ചിഹ്നങ്ങളുടെ (സംവരണവും വിതരണവും) ഉത്തരവിന്റെ ഖണ്ഡികകളില് പ്രസക്തമായ കൂട്ടിച്ചേർക്കൽ വരുത്തണമെന്നും ഹർജി ആവശ്യപ്പെടുന്നു. 'രാഷ്ട്രീയ പാര്ട്ടികള് തിരഞ്ഞെടുപ്പിന് മുമ്പ് പൊതു ഫണ്ടില് നിന്ന് യുക്തിരഹിതമായ സൗജന്യങ്ങള് വിതരണം ചെയ്യുകയോ വാഗ്ദാനം ചെയ്യുകയോ ചെയ്യില്ലെന്ന' അധിക നിബന്ധന ഉള്പ്പെടുത്താന് നിര്ദ്ദേശം നല്കണമെന്നാണ് ഹര്ജിയിലെ ആവശ്യം. തെരഞ്ഞെടുപ്പിന് മുമ്പ് പൊതു ഫണ്ടില് നിന്ന് പൊതു ആവശ്യങ്ങള്ക്ക് വേണ്ടിയല്ലാതെ സ്വകാര്യ ചരക്കുകളോ സേവനങ്ങളോ വാഗ്ദാനം ചെയ്യുന്നതും വിതരണം ചെയ്യുന്നതും ഭരണഘടനയുടെ ആര്ട്ടിക്കിള് 14 ഉള്പ്പെടെയുള്ള നിരവധി അനുച്ഛേദങ്ങളുടെ ലംഘനമായി പ്രഖ്യാപിക്കണമെന്നും ഹര്ജിക്കാരന് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.