'ഇലക്ടറൽ ബോണ്ടുകൾ സ്വീകരിച്ചിട്ടേയില്ല';തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് മൂന്ന് രാഷ്ട്രീയ പാർട്ടികൾ

തുടക്കം മുതൽ തന്നെ സിപിഐഎം ഇലക്ടറൽ ബോണ്ട് വിഷയത്തിൽ ശബ്ദമുയർത്തിയിരുന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനയച്ച കത്തിൽ പറയുന്നു

ന്യൂഡൽഹി: ഇലക്ടറൽ ബോണ്ടുകൾ സ്വീകരിച്ചിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ച് മൂന്ന് ഇടതുപക്ഷ പാർട്ടികൾ. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ്, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) ലിബറേഷൻ എന്നീ പാർട്ടികളാണ് തിരഞ്ഞെടുപ്പ് കമ്മീഷനിൽ കാര്യം വ്യക്തമാക്കിയത്. തുടക്കം മുതൽ തന്നെ സിപിഐഎം ഇലക്ടറൽ ബോണ്ട് വിഷയത്തിൽ ശബ്ദമുയർത്തിയിരുന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനയച്ച കത്തിൽ പറയുന്നു.

'ഇലക്ടറൽ ബോണ്ടുകൾ വഴിയുള്ള സംഭാവനകൾ സ്വീകരിക്കരുതെന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു. ഈ നിലപാടിന് അനുസൃതമായി ഇലക്ടറൽ ബോണ്ടുകൾ വഴി പാർട്ടിക്ക് ഒരു സംഭാവനയും ലഭിച്ചിട്ടില്ല', കത്തിൽ വ്യക്തമാക്കുന്നു. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള ഇലക്ടറൽ ബോണ്ട് പദ്ധതിയെ ചോദ്യം ചെയ്യുന്ന മൂന്ന് കേസുകളിൽ ഒന്ന് സിപിഐഎമ്മിൻ്റേതാണെന്ന് നിങ്ങൾക്ക് അറിയാമായിരിക്കുമെന്നും സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഒപ്പിട്ട കത്തിൽ പാർട്ടി വ്യക്തമാക്കുന്നു.

To advertise here,contact us