മുൻ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ കോൺഗ്രസിലേക്ക്? മൈസുരുവിൽ 'സർപ്രൈസ് സ്ഥാനാർത്ഥി'യായേക്കും

വൊക്കലിഗ സമുദായത്തിൽ നിന്നുള്ള ഗൗഡ ഒന്നാം മോദി സർക്കാരിൽ റെയിൽവെ മന്ത്രിയും പിന്നീട് നിയമമന്ത്രിയുമായിരുന്നു

ബെംഗളുരു: കർണാടക മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന മുതിർന്ന ബിജെപി നേതാവ് ഡി വി സദാനന്ദ ഗൗഡ പാര്ട്ടി വിട്ട് കോൺഗ്രസിൽ ചേരുമെന്ന് സൂചന. ഗൗഡ മൈസുരുവിൽ കോൺഗ്രസിന്റെ സർപ്രൈസ് സ്ഥാനാർത്ഥിയായേക്കും. ബിജെപിയുടെ വൈസികെ വാദിയാർക്കെതിരെയാകും ഗൗഡ മത്സരിക്കുക. രണ്ട് ദിവസത്തിനുള്ളിൽ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകും. ഇന്ന് തന്റെ 72ാം പിറന്നാൾ ആഘോഷിക്കുകയാണ് സദാനന്ദ ഗൗഡ.

ബെംഗളുരു നോർത്തിൽ നിന്നുള്ള സിറ്റിങ് എംപിയാണ് സദാനന്ദ ഗൗഡ. എന്നാൽ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ സിറ്റിങ് സീറ്റിൽ മത്സരിക്കാൻ ബിജെപി അവസരം നൽകാത്തതിൽ അദ്ദേഹത്തിന് അതൃപ്തിയുണ്ട്. ബെംഗളുരു നോർത്തിൽ കേന്ദ്രസഹമന്ത്രി ശോഭ കരന്തലജെയാണ് ബിജെപി സ്ഥാനാർത്ഥി. രണ്ട് ദിവസം മുമ്പ് ഗൗഡയെ കണ്ട ശോഭ, അദ്ദേഹത്തിന്റെ കാൽ തൊട്ട് അനുഗ്രഹം വാങ്ങിയിരുന്നു. വൊക്കലിഗ സമുദായത്തിൽ നിന്നുള്ള ഗൗഡ ഒന്നാം മോദി സർക്കാരിൽ റെയിൽവെ മന്ത്രിയും പിന്നീട് നിയമമന്ത്രിയുമായിരുന്നു. അടുത്ത കാലത്തായി എൻഡിഎയുടെ നിലപാടുകളെ എതിർത്ത് അദ്ദേഹം രംഗത്തെത്തിയിരുന്നു.

മൈസുരുവിൽ വൊക്കലിഗ സമുദായത്തിൽ നിന്നുള്ള നേതാവിനായി കോൺഗ്രസ് ചർച്ചകൾ നടത്തുകയാണ്. ഡി കെ ശിവകുമാർ അടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ സദാനന്ദ ഗൌഡുയുമായി ചർച്ച നടത്തിയെന്നാണ് ലഭിക്കുന്ന വിവരം. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിന് പിന്നാലെ ബിജെപി മുഖ്യമന്ത്രിയായിരുന്ന ജഗദീഷ് ഷെട്ടർ കോൺഗ്രസിൽ ചേർന്നിരുന്നു. കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് പരാജയപ്പെട്ട ഷെട്ടർ മാസങ്ങൾക്ക് മുമ്പ് തിരിച്ച് ബിജെപിയിലേക്ക് മടങ്ങി. അദ്ദേഹം ഇത്തവണ ബെലഗവിയിലെ സ്ഥാനാർത്ഥിയാകാനും സാധ്യതയുണ്ട്.

ഇപിയുമായി ബന്ധമില്ല, നിരാമയയുമായുള്ളത് ബിസിനസ് താത്പര്യം മാത്രം: ആരോപണങ്ങൾ തള്ളി രാജീവ് ചന്ദ്രശേഖർ

To advertise here,contact us