ജലബോർഡ് അഴിമതിക്കേസ്: അരവിന്ദ് കെജ്രിവാൾ ഇന്ന് ഇഡിക്ക് മുമ്പിൽ ഹാജരായേക്കില്ല

ഇഡി സമൻസ് നിയമവിരുദ്ധമാണെന്നാണ് എഎപിയുടെ ആരോപണം

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാൾ ഇന്ന് ഇഡിക്ക് മുമ്പിൽ ഹാജരായേക്കില്ല. ജലബോർഡ് അഴിമതിക്കേസിലാണ് ഇഡി കെജ്രിവാളിന് സമൻസ് അയച്ചത്. ഇഡി സമൻസ് നിയമവിരുദ്ധമാണെന്നാണ് എഎപിയുടെ ആരോപണം. കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചിട്ടും എന്തിനാണ് ഇഡി വീണ്ടും സമൻസ് അയക്കുന്നതെന്ന് എഎപി പ്രസ്താവനയിൽ ചോദിച്ചു.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കെജ്രിവാളിന് സമൻസ് ലഭിക്കുന്ന രണ്ടാമത്തെ സംഭവമാണിത്. ഡൽഹി മദ്യ നയ അഴിമതിക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലും കെജ്രിവാൾ അന്വേഷണം നേരിടുന്നുണ്ട്.

മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കെജ്രിവാളിന് ഡൽഹി റോസ് അവന്യൂ കോടതി ജാമ്യം അനുവദിച്ചിരുന്നു. അന്വേഷണ ഏജൻസികളിൽ നിന്ന് അരവിന്ദ് കെജ്രിവാൾ ഓടിയൊളിക്കുന്നുവെന്നാണ് ബിജെപി ആരോപിക്കുന്നത്.

To advertise here,contact us