കുചേലൻ അവൽ നൽകിയത് ഇന്നായിരുന്നെങ്കിൽ കൃഷ്ണൻ അഴിമതിക്കാരനായേനെ: സുപ്രീംകോടതി വിധിയെ പരിഹസിച്ച് മോദി

ഇലക്ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രീം കോടതി വിധിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: ഇലക്ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രീം കോടതി വിധിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുചേലൻ അവിൽ നൽകിയത് ഇന്നായിരുന്നുവെങ്കിൽ കൃഷ്ണൻ ഇന്ന് അഴിമതിക്കാരനായേനെയെന്ന് മോദി യുപിയിൽ പറഞ്ഞു. ആരെങ്കിലും ഇക്കാര്യം വീഡിയോ എടുത്ത് പൊതുതാൽപര്യ ഹർജി നൽകുമെന്നും കോടതി അതിനെ അഴിമതിയെന്നു വിധിക്കുമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

കോൺഗ്രസിൽ നിന്ന് പുറത്തായ ആചാര്യ പ്രമോദ് കൃഷ്ണയുമായുള്ള കൂടിക്കാഴ്ചയിൽ തനിക്ക് ഒന്നും തരാൻ പറ്റിയില്ല എന്ന് അദ്ദേഹം പറഞ്ഞെന്നും ഇന്നത്തെ കാലത്ത് ഒന്നും തരാത്തതാണ് നല്ലതെന്നും അല്ലെങ്കിൽ അഴിമതിക്കാരനാക്കി മാറ്റുമെന്നും മോദി പറഞ്ഞു.

'പ്രമോദ് ജി, താങ്കൾ എനിക്ക് ഒന്നും തരാത്തത് നന്നായി. കാരണം ഇപ്പോൾ കാലം മാറി. ഇന്നത്തെ കാലത്ത് കുചേലൻ ശ്രീകൃഷ്ണന് കുറച്ച് അവൽ നൽകിയാൽ അതിന്റെ വീഡിയോ പുറത്ത് വരും. സുപ്രീം കോടതിയിൽ ഒരു പൊതുതാത്പര്യ ഹർജി നൽകും. കോടതി അതിനെ അഴിമതിയെന്നു വിധിക്കുമായിരുന്നു', അദ്ദേഹം ആരോപിച്ചു.

To advertise here,contact us