ഇൻഡ്യ സഖ്യ തീരുമാനത്തിന് കാത്തില്ല; അസമിൽ മൂന്നിടത്ത് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ആം ആദ്മി

ഇൻഡ്യ സഖ്യം ഈ തീരുമാനം അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആം ആദ്മി പാർട്ടി വ്യക്തമാക്കി

ഗുവാഹത്തി: ഇൻഡ്യ മുന്നണി സീറ്റ് വിഭജനത്തിന് കാത്ത് നിൽക്കാതെ അസമിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി. മൂന്ന് സീറ്റുകളിലേക്കാണ് ആം ആദ്മി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ദിബ്രുഗഡ്, ഗുവാഹത്തി, സോനിത്പൂർ എന്നീ സീറ്റുകളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. ഇൻഡ്യ സഖ്യം ഈ തീരുമാനം അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആം ആദ്മി പാർട്ടി വ്യക്തമാക്കി.

ആം ആദ്മി രാജ്യസഭാ എംപി സന്ദീപ് പതകാണ് സ്ഥാനാർത്ഥികളുടെ പേരുകൾ മാധ്യങ്ങളോട് പറഞ്ഞത്. ദിബ്രുഗഡിൽ മനോജ് ധനോഹർ, ഗുവാഹത്തിയിൽ ഭവെൻ ചൗധര്യ, സോനിത്പൂരിൽ റിഷി രാജ് എന്നിവരുടെ പേരുകളാണ് പ്രഖ്യാപിച്ചത്. 'പക്വതയും വിവേചനവുമുള്ള ഒരു മുന്നണിയുടെ ഭാഗമാണ് ഞങ്ങൾ. അതുകൊണ്ട് തന്നെ ഈ തീരുമാനം ഇൻഡ്യ മുന്നണി അംഗീകരിക്കുമെന്ന് ഉറപ്പുണ്ട്. തിരഞ്ഞെടുപ്പിൽ വിജയിക്കുക എന്നതാണ് പ്രധാനം. ഈ മൂന്ന് സീറ്റുകളിലേക്കുള്ള തയ്യാറെടുപ്പുകൾ ഞങ്ങൾ ഉടൻ തുടങ്ങും'. പതക് വ്യക്തമാക്കി.

'തിരഞ്ഞെടുപ്പിന് ഇനി അധിക സമയമില്ല. സമയം ഓടിപ്പോകുകയാണ്. ഇത് മത്സരത്തെ ബാധിക്കും. എല്ലാ കാര്യങ്ങളും വേഗത്തിലാക്കണം. മാസങ്ങളായി ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഇതുവരെ ഫലമുണ്ടായില്ല. മോദി സർക്കാരിനെതിരായ പോരാട്ടത്തിൽ ഞങ്ങൾ ഇൻഡ്യ ബ്ലോക്കിനൊപ്പമാണ്. സഖ്യത്തിൻ്റെ എല്ലാ തീരുമാനങ്ങളും ഉടനടി എടുക്കണം'. പതക് കൂട്ടിച്ചേർത്തു.

യുപിഎ ഭരണകാലത്തും മോദി ഭരണകാലത്തും കേരളത്തിന് എത്ര കിട്ടി?; കണക്കുകളുമായി കേന്ദ്ര ധനമന്ത്രി

To advertise here,contact us