ലോക്സഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ഡിഎംകെയോട് ആവശ്യപ്പെടുമെന്ന് സിപിഐഎം

കഴിഞ്ഞ തവണ മത്സരിക്കാൻ രണ്ട് സീറ്റ് നൽകുകയും വിജയിക്കുകയും ചെയ്തിരുന്നു

വില്ലുപുരം: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റുകൾ ഡിഎംകെയോട് ആവശ്യപ്പെടാനൊരുങ്ങി സിപിഐഎം. ഡിഎംകെയുടെ നേതൃത്വത്തിലുള്ള മതേതര സഖ്യത്തിന്റെ ഭാഗമാണ് സിപിഐഎം. നിലവിലെ ലോക്സഭയിൽ തമിഴ്നാട്ടിൽ നിന്ന് മാർക്സിസ്റ്റ് പാർട്ടിക്ക് രണ്ട് അംഗങ്ങളാണുള്ളത്. കഴിഞ്ഞ തവണ മത്സരിക്കാൻ രണ്ട് സീറ്റ് നൽകുകയും വിജയിക്കുകയും ചെയ്തിരുന്നു.

സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുകയാണെന്നും വരും ദിവസങ്ങളിൽ അത് അനുകൂലമായ രീതിയിൽ അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. 2019-ലെ പൊതുതിരഞ്ഞെടുപ്പിലും 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിലും തുടർന്നുള്ള തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകളിലും സിപിഐ എം മുന്നണിയുടെ ഭാഗമായിരുന്നു.

അതിനാൽ സഖ്യത്തിൽ വിള്ളലുകളോ ആശയക്കുഴപ്പങ്ങളോ ഉണ്ടാകാൻ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ബിജെപിയുടെ സാധ്യതകളെക്കുറിച്ച് സംസാരിക്കവെ കാവി പാർട്ടിക്ക് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നേട്ടമൊന്നും ഉണ്ടാക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

To advertise here,contact us