'ന്യായ് യാത്രയിൽ സുരക്ഷയൊരുക്കുന്നില്ല, അക്രമം അഴിച്ചുവിടുന്നു'; അമിത് ഷായ്ക്ക് കത്തെഴുതി ഖർഗെ

യാത്രയ്ക്കെതിരായ അക്രമങ്ങളിൽ നടപടി സ്വീകരിക്കാൻ അസം മുഖ്യമന്ത്രിക്കും ഡിജിപിക്കും കേന്ദ്രം നിർദേശം നൽകണമെന്ന് ഖർഗെ

ന്യഡൽഹി: രാഹുൽ ഗാന്ധിയ്ക്കും ഭാരത് ജോഡോ ന്യായ് യാത്രയുടെയും സുരക്ഷ ഉറപ്പാക്കാൻ ആവശ്യപ്പെട്ട് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. രാഹുൽ ഗാന്ധിക്ക് മതിയായ സുരക്ഷ ഒരുക്കുന്നതിൽ അസം പൊലീസ് പരാജയപ്പെട്ട നിരവധി സംഭവങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു ഖാർഗെ അമിത് ഷായ്ക്ക് കത്തയച്ചത്. കോൺഗ്രസ് പോസ്റ്ററുകൾ വികൃതമാക്കിയതും ജനുവരി 21 ന് ബിജെപി പ്രവർത്തകർ കോൺഗ്രസ് യാത്ര തടഞ്ഞതും കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഭൂപൻ ബോറയെ ആക്രമിച്ചതും ഖാർഗെ കത്തിൽ പരാമർശിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹത്തിന് അടുത്തെത്താൻ അസം പൊലീസ് ബിജെപി പ്രവർത്തകരെ അനുവദിച്ചുവെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു. രാഹുൽ ഗാന്ധിയുടെ സുരക്ഷയെ ബാധിക്കുന്ന നീക്കമാണിത്. രാഹുൽ ഗാന്ധിക്ക് Z+ സംരക്ഷണത്തിന് അർഹതയുണ്ടെന്ന് കത്തിൽ ഖാർഗെ വ്യക്തമാക്കുന്നുണ്ട്.

പരസ്യമായി നടന്ന ഇത്തരം സംഭവങ്ങളിൽ തെളിവുകളുണ്ടായിട്ടും ഈ സംഭവങ്ങളിൽ ഉൾപ്പെട്ട ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഖാർഗെ കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. യാത്രപുരോഗമിക്കുമ്പോൾ ഇത്തരം അനിഷ്ട സംഭവങ്ങളൊന്നും ആവർത്തിക്കില്ലെന്ന് ഉറപ്പാക്കാനും യാത്രയ്ക്കെതിരായ അക്രമങ്ങളിൽ നടപടി സ്വീകരിക്കാൻ അസം മുഖ്യമന്ത്രിക്കും ഡിജിപിക്കും കേന്ദ്രം നിർദേശം നൽകണമെന്നും ഖർഗെ ആവശ്യപ്പെട്ടു.

ഗുവാഹത്തി നഗരപരിധിയിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് പ്രവർത്തകരും അസം പൊലീസുകാരുമായി സംഘർഷം ഉണ്ടായതിന് പിന്നാലെയായിരുന്നു മല്ലികാർജുൻ ഖാർഗെ അമിത് ഷായ്ക്ക് കത്തെഴുതിയത്. സംഘർഷത്തെ തുടർന്ന് രാഹുൽ ഗാന്ധിക്കും മറ്റ് കോൺഗ്രസ് നേതാക്കൾക്കുമെതിരെ അസം പൊലീസ് എഫ്ഐആർ ഫയൽ ചെയ്തിരുന്നു. ക്രിമിനൽ ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, സമാധാന ലംഘനം തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. കോൺഗ്രസ് പ്രവർത്തകർ ഉപയോഗിക്കുന്ന നക്സലൈറ്റ് തന്ത്രങ്ങൾ അസമീസ് സംസ്കാരത്തിന്റെ ഭാഗമല്ലെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞതിന് പിന്നാലെയായിരുന്നു പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്

അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ഹിമന്ദ ബിശ്വ ശർമ്മ ഭാരത് ജോഡോ ന്യായ് യാത്രയിൽ തടസ്സങ്ങൾ സൃഷ്ടിക്കുകയാണെന്ന് കോൺഗ്രസ് നേതാക്കൾ നേരത്തെ ആരോപിച്ചിരുന്നു. നഗരറോഡുകളിലൂടെ നീങ്ങിയ കോൺഗ്രസ് പ്രവർത്തകരെ പൊലീസ് തടഞ്ഞതിനെ തുടർന്നാണ് ഗുവാഹത്തി നഗരപരിധിയിൽ ഇന്നലെ നടന്ന സംഘർഷത്തിന് വഴിതെളിച്ചത്. നഗരത്തിലെ റോഡുകളിലൂടെ യാത്ര നടത്തുന്നതിന് ഭരണകൂടം നേരത്തെ അനുമതി നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ കോൺഗ്രസ് പ്രവർത്തകർ ബാരിക്കേഡുകൾ തകർത്ത് അകത്ത് കടക്കാൻ ശ്രമിക്കുകയാണ്. ഇതിന് പിന്നാലെയാണ് പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്.

സംഭവത്തെ തുടർന്ന് എഐസിസി ജനറല് സെക്രട്ടറി കെ സി വേണുഗോപാല്, കനയ്യ കുമാര് എന്നിവര്ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പൊതുമുതല് നശിപ്പിക്കല്, അക്രമം, പ്രകോപനം സൃഷ്ടിക്കല് എന്നീ വകുപ്പുകള് പ്രകാരമാണ് നേതാക്കൾക്കെതിരെ കേസെടുത്തത്. ഭാരത് ജോഡോ യാത്രക്കിടെ പ്രകോപനം സൃഷ്ടിച്ചെന്നാരോപിച്ച് രാഹുല് ഗാന്ധിക്കെതിരെ കേസെടുക്കാന് ഹിമന്ദ ബിശ്വശര്മ്മ നേരത്തെ നിര്ദേശം നല്കിയിരുന്നു. പിന്നാലെയായിരുന്നു നടപടി. ഗുവാഹത്തിയില് ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ കോണ്ഗ്രസ് പ്രവര്ത്തകര് ബാരിക്കേട് മറികടക്കാന് ശ്രമിച്ചത് പൊലീസും പ്രവര്ത്തകരും തമ്മില് സംഘര്ഷത്തിലേക്ക് നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല് ഗാന്ധിക്കെതിരെ നടപടിയെടുക്കാന് ഡിജിപിയോട് മുഖ്യമന്ത്രി നിര്ദേശം നല്കിയത്.

നേതാക്കൾക്കെതിരായി കേസെടുത്തതിൽ പ്രതിഷേധിച്ച് ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ് കോൺഗ്രസ്. രാജ്യവ്യാപകമായി കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും. സംസ്ഥാന തലസ്ഥാനങ്ങളിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.

ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് അസമിലെ ബാർപേട്ടയിൽ നിന്ന് പര്യടനം ആരംഭിക്കും. കാറിലും ബസിലും കാൽനടയുമായാണ് ഇന്നത്തെ യാത്ര. ബാർഗണ്ഡയിൽ പൊതുസമ്മേളനത്തെ രാഹുൽ ഗാന്ധി അഭിസംബോധന ചെയ്ത് സംസാരിക്കും.

ന്യായ് യാത്രയ്ക്കിടെ സംഘർഷം;രാഹുലിനെതിരെ കേസെടുത്തതിൽരാജ്യവ്യാപക പ്രതിഷേധത്തിന് കോൺഗ്രസ്

To advertise here,contact us