കർണാടക നിയമസഭയ്ക്ക് മുന്നിൽ എട്ടംഗ കുടുംബത്തിന്റെ ആത്മഹത്യാശ്രമം

വായ്പ കുടിശ്ശിക തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് വീട് ലേലം ചെയ്യാനുള്ള ബാങ്കിന്റെ തീരുമാനത്തിൽ മനംനൊന്താണ് കുടുംബം ആത്മഹത്യക്ക് ശ്രമിച്ചത്. വിധാൻ സൗധയ്ക്ക് പുറത്താണ് വീട്ടുകാർ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്.

ബംഗളൂരു: കർണാടക നിയമസഭയ്ക്ക് മുന്നിൽ ഒരു കുടുംബത്തിലെ എട്ട് പേർ ജീവനൊടുക്കാൻ ശ്രമിച്ചു. വായ്പ കുടിശ്ശിക തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് വീട് ലേലം ചെയ്യാനുള്ള ബാങ്കിന്റെ തീരുമാനത്തിൽ മനംനൊന്താണ് കുടുംബം ആത്മഹത്യക്ക് ശ്രമിച്ചത്. വിധാൻ സൗധയ്ക്ക് പുറത്താണ് വീട്ടുകാർ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. പൊലീസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ ഇവരെ കസ്റ്റഡിയിലെടുത്തു.

2016ൽ ബാംഗ്ലൂർ സിറ്റി കോ ഓപ്പറേറ്റീവ് ബാങ്കിൽ നിന്ന് 50 ലക്ഷം രൂപയാണ് ഇവർ വായ്പയെടുത്തത്. 95 ലക്ഷം രൂപ തിരിച്ചടച്ചു. എന്നിട്ടും പലിശയിനത്തിലും മറ്റും കൂടുതൽ തുക അടയ്ക്കാനുണ്ടായിരുന്നു. തുടർന്നാണ്, ബാങ്ക് ഇവരുടെ വീട് ലേലം ചെയ്യാൻ തീരുമാനിച്ചത്. സഹായം തേടി കർണാടക മന്ത്രി സമീർ അഹമ്മദ് ഖാനെ കുടുംബം സമീപിച്ചിരുന്നു. വായ്പാ പലിശ കുറയ്ക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയിട്ടും തിരിച്ചടവ് തുക കുറയ്ക്കാനാവില്ലെന്ന തീരുമാനത്തിൽ ബാങ്ക് ഉറച്ചുനിൽക്കുകയായിരുന്നെന്ന് കുടുംബാംഗങ്ങളിൽ ഒരാൾ പറഞ്ഞു.

മൂന്ന് കോടി രൂപ വിലയുള്ള സ്വത്ത് 1.41 കോടി രൂപയ്ക്ക് ലേലം ചെയ്യാൻ ബാങ്ക് അധികൃതർ തീരുമാനിച്ചു. ഇതേ തുടർന്നാണ് കുടുംബം മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. നിയമസഭാ മന്ദിരത്തിന് മുമ്പിലേക്ക് വന്നത് മുഖ്യമന്ത്രി സിദ്ധരാമയ്യയോട് നീതി അഭ്യർത്ഥിക്കാനാണെന്നും സമീർ അഹമ്മദ് ഖാൻ വാഗ്ദാനങ്ങൾ നൽകിയെങ്കിലും ഒന്നും നടന്നില്ല എന്നും ശരീരത്തിലേക്ക് മണ്ണെണ്ണ ഒഴിക്കുമ്പോൾ കുടുംബാംഗങ്ങളിലൊരാൾ പറയുന്നത് വീഡിയോയിൽ വ്യക്തമാണ്.

അയോധ്യാ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് കോൺഗ്രസ്

സംഭവത്തിൽ കുടുംബത്തിനെത്തിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഐപിസി 309 വകുപ്പ് പ്രകാരം ആത്മഹത്യാശ്രമത്തിനും 990 വകുപ്പ് പ്രകാരം ആത്മഹത്യയുമായി ബന്ധപ്പെട്ട പൊതു ശല്യം സൃഷ്ടിച്ചതിനുമാണ് കുടുംബത്തിനെതിരെ കേസെടുത്തിരിക്കുന്നത്.

To advertise here,contact us