മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം, അയൽവാസിയെ കൊലപ്പെടുത്തി; നടൻ ഭൂപീന്ദർ സിങ് അറസ്റ്റിൽ

മരം മുറിച്ചതുമായി ബന്ധപ്പെട്ട നിസാര തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്ന് പൊലീസ് പറയുന്നു

ലഖ്നൗ: അയൽവാസിയെ കൊലപ്പെടുത്തിയതിനെ തുടർന്ന് ടെലിവിഷൻ നടൻ ഭൂപീന്ദർ സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബിജ്നോറിൽ നടന്ന സംഘർഷത്തിനിടെയാണ് ഭൂപീന്ദർ സിങ് വെടിയുതിർത്തത്. സംഭവത്തിൽ മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട നിസാര തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്ന് പൊലീസ് പറയുന്നു.

ഭൂപീന്ദർ സിങ്ങും സഹായികളും നാലുപേർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. ഗോവിന്ദ് (23) എന്ന വ്യക്തിയാണ് കൊല്ലപ്പെട്ടത്. ഇയാളുടെ അച്ഛൻ ഗുർദീപ് സിങ്, അമ്മ മീരാ ബായി, മൂത്ത സഹോദരൻ അമ്രീഖ് സിങ് എന്നിവർക്കാണ് പരിക്കേറ്റത്. മൂവരും ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

കൃഷിയിടത്തിലെ യൂക്കാലിപ്റ്റസ് മരങ്ങൾ മുറിക്കുന്നതുമായി ബന്ധപ്പെട്ട് ഭൂപീന്ദറും ഗുർദീപും തമ്മിൽ തർക്കമുണ്ടായിരുന്നു. തുടർന്ന് ഗുർദീപ് നവംബർ 19 ന് ബദാപൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും പൊലീസ് പരാതിയെ ഗൗരവമായി എടുത്തില്ല. കഴിഞ്ഞ ദിവസം മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുകൂട്ടരും തമ്മിൽ വീണ്ടും വഴക്കുണ്ടായി. ഇതേത്തുടർന്ന് ഭൂപീന്ദറും സഹായികളും ഇവർക്ക് നേരെ വെടിയുതിർത്തത്.

സംഭവം നടന്നതിന് പിന്നാലെ മൊറാദാബാദ് ഡിഐജി പരിക്കേറ്റവരെ നേരിൽക്കണ്ട് വിവരങ്ങൾ ശേഖരിച്ചു. പൊലീസിന്റെ അനാസ്ഥയാണെന്ന് ആരോപിച്ച് ഗോവിന്ദിന്റെ കുടുംബം ഡിഐജിക്ക് പരാതി നൽകി. നവംബർ 19 ന് പരാതി നൽകിയിട്ടും പൊലീസ് നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും അവർ ആരോപിച്ചു.

ജൂനിയർ ആർട്ടിസ്റ്റിന്റെ മരണം; 'പുഷ്പ' താരത്തെ അറസ്റ്റ് ചെയ്തു

കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡിഐജി അറിയിച്ചു. മറ്റ് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്. പൊലീസിന്റെ അനാസ്ഥയെക്കുറിച്ച് അന്വേഷിക്കുമെന്ന് ഡിഐജി പറഞ്ഞു. വീഴ്ച കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ബദാപൂർ പോലീസ് സ്റ്റേഷൻ ഇൻചാർജ് സുമിത് രതി, ഇൻസ്പെക്ടർ യാസിൻ, സിപിഒ കൃഷ്ണകുമാർ എന്നിവരെ സസ്പെൻഡ് ചെയ്തിരിക്കുകയാണ്.

To advertise here,contact us