കശ്മീര് വാഹനാപകടം; മൃതദേഹങ്ങള് നാട്ടിലെത്തിക്കും, നോര്ക്കാ സംഘം ശ്രീനഗറിലേക്ക് തിരിച്ചു

വിനോദ സഞ്ചാരം കഴിഞ്ഞ് സോനമാർഗിൽ നിന്ന് മടങ്ങിയ സംഘമാണ് ശ്രീനഗറിലെ ദേശീയ പാതയിൽ ഇന്നലെ അപകടത്തിൽ പെട്ടത്

ന്യൂഡല്ഹി: ജമ്മു കശ്മീരിൽ വാഹനാപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ കേരള സർക്കാർ നാട്ടിലെത്തിക്കും. മൂന്ന് നോർക്ക ഉദ്യോഗസ്ഥർ ശ്രീനഗറിലേക്ക് തിരിച്ചു. സംസ്ഥാന സർക്കാർ നിർദേശ പ്രകാരം നോർക്ക ഡവലപ്മെന്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ശ്രീനഗറിലേക്ക് തിരിച്ചത്.

സോജില ചുരത്തിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാല് മലയാളികൾ ഉൾപ്പെടെ അഞ്ച് പേർക്കാണ് ജീവൻ നഷ്ടമായത്. പോസ്റ്റുമോർട്ടം നടപടികൾ അടക്കം വേഗത്തിലാക്കി മൃതദേഹം വിമാന മാർഗം നാട്ടിൽ എത്തിക്കാനാണ് നീക്കം. പരുക്കേറ്റവരെ ഡല്ഹിയിലോ കേരളത്തിലോ എത്തിച്ച് വിദഗ്ധ ചികിത്സ നൽകാനാണ് ആലോചന എന്ന് ഡല്ഹിയിലെ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് അറിയിച്ചു.

ഹിന്ദി ഹൃദയഭൂമിയില് പുതിയ പരീക്ഷണം; മൂന്ന് സംസ്ഥാനങ്ങളിലും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പുതിയ മുഖം?

വിനോദ സഞ്ചാരം കഴിഞ്ഞ് സോനമാർഗിൽ നിന്ന് മടങ്ങിയ സംഘമാണ് ശ്രീനഗറിലെ ദേശീയ പാതയിൽ ഇന്നലെ അപകടത്തിൽ പെട്ടത്. വാഹനം റോഡിൽനിന്ന് തെന്നിമാറി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. പാലക്കാട് ചിറ്റൂർ സ്വദേശികളായ സുധേഷ്, അനിൽ, രാഹുൽ, വിഗ്നേഷ് എന്നിവർക്ക് പുറമെ ശ്രീനഗർ സ്വദേശിയായ ഡ്രൈവർ ഐജാസ് അഹമ്മദും മരിച്ചു. 13 അംഗ സംഘത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. മനോജ്, രജീഷ്, അരുൺ എന്നിവർക്കാണ് പരുക്ക്. ഗുരുതരമായി പരുക്കേറ്റ മനോജിനെ സൗറയിലെ ആശുപത്രിയിലേക്ക് മാറ്റി. ബാക്കി രണ്ട് പേർ സോനമാർഗ് ആശുപത്രിയിലാണ്. ഇവർ സഞ്ചരിച്ച വാഹനം പൂർണമായും തകർന്ന നിലയിലായിരുന്നു.

To advertise here,contact us