ന്യൂഡൽഹി: മൂന്ന് സംസ്ഥാനങ്ങളിലേയും തിരഞ്ഞെടുപ്പ് വിജയം ആഘോഷമാക്കി ബിജെപി. ബിജെപിയിൽ വിശ്വസിച്ചത്തിന് മൂന്ന് സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് നന്ദിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസിത ഭാരതം എന്ന സങ്കൽപ്പത്തിന്റെ ജയമാണ് മൂന്ന് സംസ്ഥാനങ്ങളിലും കണ്ടത്. ഇത് ചരിത്ര വിജയമാണെന്നും നൂനപക്ഷങ്ങൾ ബിജെപിക്കൊപ്പമാണെന്ന് തെളിയിച്ച വിജയമാണെന്നും നരേന്ദ്ര മോദി പറഞ്ഞു. ബിജെപി ആസ്ഥാനത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി സ്വീകരിച്ചു.
ബിജെപി എന്ത് വാഗ്ദാനം നൽകിയാലും അത് നൂറ് ശതമാനം പാലിച്ചിരിക്കും. ജാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യയെ വിഭജിക്കാനുള്ള ശ്രമം നടന്നുവെന്ന് മോദി ആരോപിച്ചു. രാജ്യത്തെ യുവാക്കൾ വികസനം ആഗ്രഹിക്കുന്നവരാണ്. ഇത് തടയുന്നവർ എല്ലായിടത്തുനിന്നും പുറത്താകും. രാജസ്ഥാനിലെയും ഛത്തീസ്ഗഡിലെയും സർക്കാരുകൾ താഴെ പോയിരിക്കുകയാണ്. ആദിവാസി മേഖലകളിൽ നിന്ന് കോൺഗ്രസ് തുടച്ചുനീക്കപ്പെടും. കോൺഗ്രസ് അവർക്ക് വേണ്ടി ഒന്നും ചെയ്തില്ല. ഇവിടങ്ങളിൽ ആദിവാസികൾ കോൺഗ്രസ് കാരണം പത്ത് വർഷം പിന്നോട്ട് പോയി. രാജസ്ഥാനിലെയയും ഛത്തീസ്ഗഡിലേയും ആദിവാസികൾ കോൺഗ്രസിനെ തൂത്തെറിഞ്ഞുവെന്നും മോദി പറഞ്ഞു.
നല്ല ഭരണത്തിനും വികസനത്തിനും ഒപ്പമാണ് ജനങ്ങള്, ബിജെപിക്ക് നൽകിയ പിന്തുണയ്ക്ക് നന്ദി: പ്രധാനമന്ത്രി
ബിജെപിയെ ആർക്കും തളർത്താൻ കഴിയില്ലെന്നും ഈ ട്രെൻഡ് തുടരുമെന്നും മോദി പറഞ്ഞു. സദ്ഭരണത്തിന്റെ ജയമാണിത്. ജനക്ഷേമ പ്രവർത്തനങ്ങൾ തുടരും. കർഷകരും യുവാക്കളും പാവപ്പെട്ടവരും തനിക്ക് പ്രിയപ്പെട്ടവരാണ്. അവരുടെ ജയം രാജ്യത്തിന്റെ ജയമാണ്. ഈ വിജയത്തിൽ വനിതകളേയും നമിക്കുന്നുവെന്നും നരേന്ദ്ര മോദി വ്യക്തമാക്കി. പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്നത് ഒബിസി- ന്യൂനപക്ഷ വിഭാഗങ്ങളെ അധിക്ഷേപിക്കുന്നതിന് തുല്യമാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ള മന്ത്രിമാരും ദേശീയ നേതാക്കളും പ്രവർത്തകരും വിജയ ആഘോഷത്തിൽ പങ്കെടുത്തു
ഭരണത്തുടർച്ചയിൽ മധ്യപ്രദേശും ഛത്തീസ്ഗഡും, രാജസ്ഥാൻ 'കൈ'വിടും, 'കൈ'പിടിച്ച് തെലങ്കാന
ബിജെപിക്കുള്ള പിന്തുണ ഓരോ വർഷവും കൂടുകയാണെന്ന് നേരത്തെ നന്ദി അറിയിച്ചുകൊണ്ട് മോദി പറഞ്ഞിരുന്നു. വരും വർഷങ്ങളിലും ഇത് തുടരും. തെലങ്കാനയുമായി ബിജെപിക്കുള്ള ബന്ധം ആർക്കും തകർക്കാനാകില്ല. തെലങ്കാനയില് ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നത് തുടരുമെന്നും മോദി പറഞ്ഞു. വിജയത്തിനായി പ്രവർത്തിച്ച ബിജെപി പ്രവർത്തകർക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു.