ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമർശത്തിൽ കോൺഗ്രസ് എം പി രാഹുൽ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ കാരണം കാണിക്കൽ നോട്ടീസ്. രാജസ്ഥാനിലെ ബാർമറിൽ തിരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ പരാമർശങ്ങളുടെ പേരിലാണ് രാഹുലിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചത്. പ്രധാനമന്ത്രിയെ അപമാനിച്ചുവെന്ന ബിജെപിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. രാഹുൽ ഗാന്ധിയോട് നവംബർ 25ന് വൈകുന്നേരം ആറു മണിക്ക് മുമ്പ് മറുപടി നൽകണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ഏതെങ്കിലും വ്യക്തിയെ അപശകുനം എന്ന് വിളിക്കുന്നത് നിന്ദ്യമായ അധിക്ഷേപവും വ്യക്തിഹത്യയുമാണ്. മാത്രമല്ല ഒരു വ്യക്തിയുടെ സൽപേരിന് കളങ്കം വരുത്തുക എന്ന വ്യക്തമായ ഉദ്ദേശത്തോടെ ഇത്തരം പരാമർശം നടത്തുന്നത് വ്യക്തിയെ സ്വഭാവഹത്യ ചെയ്യുന്നതിന് തുല്യമാണെന്നും ബിജെപി പരാതിയിൽ പറയുന്നു.
ഏകദിന ലോകകപ്പ് ഫൈനലിൽ തോൽവി വഴങ്ങിയതിന് പിന്നാലെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പരിഹസിച്ചത്. അഹമ്മദാബാദ് സ്റ്റേഡിയത്തിൽ മത്സരം കാണാൻ പ്രധാനമന്ത്രി എത്തിയതിനെതിരെയാണ് രാഹുൽ ഗാന്ധിയുടെ പരിഹാസം. ഇന്ത്യൻ താരങ്ങൾ നന്നായി കളിക്കുകയായിരുന്നു. അപ്പോഴാണ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ദുശ്ശകുനമായെത്തിയതെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. രാജസ്ഥാനിൽ ബാർമറിൽ തെരഞ്ഞെടുപ്പ് പ്രചാരണറാലിക്കിടിയിലാണ് രാഹുൽ പ്രധാനമന്ത്രിയെ കടന്നാക്രമിച്ചത്.
Panauti 😂Our boys were going to win but, because of a Panauti they lost. — Rahul Gandhi 🔥 pic.twitter.com/9kZ6qi1C7s
രാഹുൽ ഗാന്ധിക്ക് മറുപടിയുമായി ബിജെപിയും രംഗത്തെത്തിയിരുന്നു. രാഹുൽ ഗാന്ധി കോൺഗ്രസിന്റെ ദുശ്ശകുനം എന്നായിരുന്നു ബിജെപിയുടെ മറുപടി. ഫൈനൽ കാണാൻ പ്രധാനമന്ത്രി എത്തിയതിനെതിരെ സമൂഹ മാധ്യമങ്ങളിൽ നിരവധി ട്രോളുകളും പ്രചരിച്ചിരുന്നു. മത്സരത്തിന് ശേഷം ഇന്ത്യൻ താരങ്ങളെ പ്രധാനമന്ത്രി ആശ്വസിപ്പിക്കുന്ന ദൃശ്യങ്ങളും ചർച്ചയായി.