മതസൗഹാർദത്തിന്റെ ദസറ: ഷിംലയില് രാവണന്റെ പ്രതിമ നിർമിക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലിം കുടുംബം

ജഖു ക്ഷേത്രത്തിൽ തങ്ങുന്ന ഇവർക്ക് ഭക്ഷണം ഉൾപ്പടെയുള്ള ക്രമീകരണങ്ങളൊരുക്കുന്നത് ക്ഷേത്ര ഭരണസമിതിയാണ്

ഷിംല: ദസറ ഒരുക്കങ്ങൾക്ക് മുന്നോടിയായി രാവണൻ, കുംഭകർണൻ, മേഘനാഥൻ എന്നിവരുടെ പ്രതിമകൾ നിർമ്മിക്കാൻ ഉത്തർപ്രദേശിലെ മീററ്റിൽ നിന്നുള്ള മുസ്ലിം കുടുംബം ഷിംലയിലെ ജഖു ക്ഷേത്രത്തിൽ എത്തി. വർഷങ്ങളായി രാവണന്റെയും കുംഭകർണന്റെയും മേഘനാഥന്റെയും പ്രതിമകൾ മുസ്ലിം കുടുംബങ്ങളിൽ നിന്നുള്ളവരാണ് നിർമ്മിക്കുന്നത്.

"എല്ലാ വർഷവും ദസറ സമയത്ത് ഞങ്ങൾ ഷിംലയിൽ വരാറുണ്ട്. ദസറയ്ക്കുള്ള ഒരുക്കങ്ങളിൽ ഏർപ്പെടുന്നതിൽ അതിയായ സന്തോഷമുണ്ട്. മൂന്ന് തലമുറകളായി ഞങ്ങൾ പ്രതിമകൾ നിർമ്മിക്കുന്നു. 45 അടി ഉയരത്തിലാണ് രാവണന്റെ പ്രതിമകൾ നിർമ്മിക്കുന്നത്. കുംഭകർണന്റെയും മേഘനാഥന്റെയും ഉയരം 35,30 അടിയാണ്. ഞങ്ങൾ ഇവിടെ പ്രതിമ നിർമാണം തുടങ്ങിയിട്ട് ഒരാഴ്ചയായി. ഇവിടെ മാതൃകയാകാനും സാമുദായിക സൗഹാർദത്തിന്റെ സന്ദേശം പ്രചരിപ്പിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു," മീററ്റ് കുടുംബാംഗമായ മുഹമ്മദ് അസ്ലം എഎൻഐയോട് പറഞ്ഞു.

മീററ്റിൽ താമസിക്കുന്ന റാഹത്ത് ഹുസൈന്റെ പിൻമുറക്കാരാണ് കഴിഞ്ഞ 70 വർഷമായി ദസറയ്ക്കായി പ്രതിമകൾ നിർമ്മിക്കുന്നത്. റാഹത്തിന്റെ മൂന്ന് മക്കളായ മുഹമ്മദ് അസ്ലം, മുഹമ്മദ് ആദിൽ, മുഹമ്മദ് അർഫീൻ എന്നിവർ കഴിഞ്ഞ 15 ദിവസമായി ഷിംലയിലെ ജഖു ക്ഷേത്രത്തിൽ പ്രതിമകൾ ഒരുക്കുകയാണ്. ജഖു ക്ഷേത്രത്തിൽ തങ്ങുന്ന ഇവർക്ക് ഭക്ഷണം ഉൾപ്പടെയുള്ള ക്രമീകരണങ്ങളൊരുക്കുന്നത് ക്ഷേത്ര ഭരണസമിതിയാണ്.

To advertise here,contact us