പ്രസിദ്ധീകരിച്ച ലേഖനങ്ങൾ പൊതുമധ്യത്തിലുണ്ട്;ചൈനക്ക് അനുകൂലമായി വാർത്ത നൽകിയില്ലെന്ന് ന്യൂസ് ക്ലിക്ക്

ചൈനീസ് താൽപര്യമുള്ള ലേഖനമോ, വീഡിയോയൊ പൊലീസിന് ചൂണ്ടിക്കാട്ടാനായിട്ടില്ല

ന്യൂഡൽഹി: ചൈനീസ് താൽപര്യങ്ങൾക്ക് അനുസരിച്ച് വാർത്ത നൽകിയിട്ടില്ലെന്ന് ന്യൂസ് ക്ലിക്ക്. തങ്ങൾ സ്വതന്ത്രമാധ്യമ സ്ഥാപനമാണ്. പ്രസിദ്ധീകരിച്ച ലേഖനങ്ങൾ പൊതുമധ്യത്തിലുണ്ട്. ചൈനീസ് താൽപര്യമുള്ള ലേഖനമോ, വീഡിയോയൊ പൊലീസിന് ചൂണ്ടിക്കാട്ടാനായിട്ടില്ലെന്നും ന്യൂസ് ക്ലിക്ക് അധികൃതർ പറഞ്ഞു.

എഫ്ഐആറിന്റെ പകർപ്പോ, കേസുമായി ബന്ധപ്പെട്ട വിവരങ്ങളോ പൊലീസ് നൽകിയിട്ടില്ല. ഫണ്ടുകൾ ബാങ്കുവഴിയാണ് സ്വീകരിക്കുന്നത്. നിയമപരമായി ബന്ധപ്പെട്ട അധികൃതർക്ക് റിപ്പോർട്ട് സമർപ്പിക്കുന്നു. നടപടികൾ പാലിക്കാതെയാണ് ലാപ്ടോപ്പുകൾ അടക്കം പിടിച്ചെടുത്തതെന്നും ന്യൂസ് ക്ലിക്ക് പറഞ്ഞു.

ഡൽഹി പോലിസ് നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് ന്യൂസ് ക്ലിക്കിന്റെ തീരുമാനം. വിഷയം അടിയന്തരമായി പരിഗണിക്കണം എന്ന് ആവശ്യപ്പെടും. ന്യൂസ് ക്ലിക്കിന് എതിരായ നടപടിയിൽ പ്രതിഷേധിച്ച് മാധ്യമപ്രവർത്തകർ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്ത് നൽകിയിട്ടുണ്ട്.

ഇതിനിടെ എഫ് ഐ ആർ ആവശ്യപ്പെട്ട് ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീർ പുരകായസ്ത കോടതിയെ സമീപിച്ചു. ഡൽഹി പട്യാല ഹൗസ് കോടതിയിലാണ് ഹർജി നൽകിയത്. ഹർജി താമസിയാതെ പരിഗണിച്ചേക്കും.

അതേസമയം ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീർ പുരകായസ്തയേയും എച്ച്ആർ മാനേജർ അമിത് ചക്രവർത്തിയേയും പൊലീസ് കസ്റ്റഡിയിൽ വാങ്ങി. ഏഴ് ദിവസത്തേക്ക് ആണ് കസ്റ്റഡിയിൽ വിട്ടത്. ചൈനീസ് ബന്ധം ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന ന്യൂസ് ക്ലിക്കിലെ മാധ്യമ പ്രവര്ത്തകര് താമസിക്കുന്ന മുപ്പതോളം ഇടങ്ങളിലാണ് ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ ബുധനാഴ്ച പരിശോധന നടത്തിയത്. ചാനലിനെതിരെ യുഎപിഎ ആക്ട് പ്രകാരമാണ് കേസ് എടുത്തിട്ടുണ്ട്.

നേരത്തെ ഡൽഹി പൊലീസ് പരിശോധനയില് ലാപ്ടോപ്, മൊബൈല് ഫോണ്, ഹാര്ഡ് ഡിസ്ക് അടക്കമുള്ളവ പിടിച്ചെടുത്തു. മൂന്ന് വര്ഷത്തിനിടെ 38.05 കോടി രൂപയുടെ വിദേശ ഫണ്ട് തട്ടിപ്പ് നടത്തിയതായാണ് ന്യൂസ് ക്ലിക്കിനെതിരെയുള്ള ഇഡി കേസ്. എഫ്സിആര്എ ആക്ട് ലംഘിച്ച് ന്യൂസ് ക്ലിക്ക് വിദേശ ഫണ്ട് സ്വീകരിച്ചുവെന്ന കണ്ടെത്തലില് എന്ഫോഴ്സ്മെന്റ് കേസെടുത്തിരുന്നു. ദേശവിരുദ്ധ പ്രവര്ത്തനങ്ങള്ക്കാണ് ന്യൂസ് ക്ലിക്ക് ഈ ഫണ്ട് ഉപയോഗിച്ചിരുന്നതെന്നും ഇ ഡി ആരോപിക്കുന്നു.

മാധ്യമപ്രവർത്തകരുടെ വസതിയിൽ റെയ്ഡ് നടത്തിയതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. എൻഎജെ, ഡിയുജെ, കെയുഡബ്ല്യുജെ ഡൽഹി ഘടകം എന്നീ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. മാധ്യമ പ്രവർത്തകരുടെ വസതിയിലെ റെയ്ഡ് മാധ്യമസ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള കേന്ദ്ര നടപടിയാണ്. രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി കേന്ദ്രം മാധ്യമ പ്രവർത്തകരെ വേട്ടയാടുന്നുവെന്നും സംഘടനകൾ ആരോപിച്ചിരുന്നു.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

To advertise here,contact us