എന്ഡിഎയുടെ ഭാഗമാകണമെന്ന് കെസിആർ പലപ്പോഴും പറഞ്ഞിട്ടുണ്ട്, അഭ്യർത്ഥന ഞാന് നിരസിച്ചു; മോദി

തെലങ്കാനയിലെ ജനങ്ങളെ വഞ്ചിക്കാൻ തയ്യാറല്ലെന്ന് പറഞ്ഞു

നിസാമാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു എന്ഡിഎ മുന്നണിയുടെ ഭാഗമാകാന് നിരവധി തവണ താത്പര്യം പ്രകടിപ്പിച്ചിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടു. എന്നാൽ താൻ അത് അംഗീകരിച്ചില്ലെന്നും മോദി പറഞ്ഞു. തെലങ്കാനയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.

കെസിആര് എന്നറിയപ്പെടുന്ന റാവുവും അദ്ദേഹത്തിന്റെ തെലങ്കാന രാഷ്ട്ര സമിതിയും എന്ഡിഎയില് ചേരുന്നതിന് പലതവണ ശ്രമം നടത്തിയിട്ടുണ്ട്. എന്നാല് അപ്പോഴെല്ലാം താൻ വിസമ്മതിച്ചു. തെലങ്കാനയിലെ ജനങ്ങളെ വഞ്ചിക്കാൻ തയ്യാറല്ലെന്ന് പറഞ്ഞു. മുന്നണയിൽ ചേരാൻ കഴിയാതെ വന്നപ്പോൾ അദ്ദേഹം ഏറെ മാറിപ്പോയെന്നും നരേന്ദ്ര മോദി പറഞ്ഞു.

2020 ലെ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ആ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 48 സീറ്റ് ലഭിച്ചു. കെസിആറിന് പിന്തുണ ആവശ്യമാണ്. അദ്ദേഹം സ്നേഹത്തോടെ സമീപിക്കുകയും തന്നെ ഷാൾ അണിയിക്കുകയും ചെയ്തു. അതിന് ശേഷമാണ് എൻഡിഎയിൽ ചേരണമെന്ന ആവശ്യം അദ്ദേഹം ഉന്നയിക്കുന്നത്. ഹൈദരാബാദ് മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ പിന്തുണയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അത് താൻ നിരസിക്കുകയും ചെയ്തു എന്ന് മോദി പറഞ്ഞു. 2020 ലെ ഹൈദരാബാദ് സിവിൽ തിരഞ്ഞെടുപ്പ് ബിജെപിയെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ഒരു ചുവടുവെപ്പായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

അദ്ദേഹം വീണ്ടും തന്റെയടുത്ത് വന്നു. എല്ലാ ഉത്തരവാദിത്തങ്ങളും മകനായ കെ ടി രാമ റാവുവിനെ ഏൽപ്പിക്കാൻ ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. മകനെ തന്റെയടുത്തേക്ക് അയക്കാം അനുഗ്രഹം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ താൻ അദ്ദേഹത്തെ ഏറെ ശകാരിച്ചു. ഇത് ജനാധിപത്യമാണ്. എല്ലാം കെടിആറിന് കൈമാറാൻ എങ്ങനെ സാധിക്കും. താങ്കള് രാജാവാണോ എന്നും ചോദിച്ചു. അതിന് ശേഷം അദ്ദേഹം തന്റെ മുന്നിൽ വന്നിട്ടില്ല. അദ്ദേഹത്തിന് തന്നെ അഭിമുഖീകരിക്കാന് സാധിച്ചിട്ടില്ലെന്നും ഒരു അഴിമതിക്കാരനും തന്റെ മുന്നിൽ ഇരിക്കാൻ സാധിക്കില്ലെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

To advertise here,contact us