ഡല്ഹി: ആംആദ്മി പാര്ട്ടി ഇന്ഡ്യാ പ്രതിപക്ഷ കൂട്ടായ്മയോട് പൂര്ണ്ണമായും പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രിയും ആപ്പ് കണ്വീനറുമായ അരവിന്ദ് കെജ്രിവാള്. പഞ്ചാബില് കോണ്ഗ്രസ് എംഎല്എ സുഖ്പാല് സിംങ് ഖൈറ ലഹരിക്കടത്ത് കേസില് പിടിയിലായതിനെ ചൊല്ലി കോണ്ഗ്രസ്-ആപ്പ് വാക്ക് പോര് ആരംഭിച്ച സാഹചര്യത്തിലാണ് കെജ്രിവാളിന്റെ പ്രതികരണം. ആപ്പ് പ്രതിപക്ഷ കൂട്ടായ്മയോട് പ്രതിജ്ഞാബദ്ധരായിരിക്കുമെന്നും സഖ്യത്തിന് പുറത്തേക്കില്ലെന്നുമാണ് കെജ്രിവാളിന്റെ പ്രതികരണം.
'കഴിഞ്ഞ ദിവസം പഞ്ചാബ് പൊലീസ് കോണ്ഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്തതായി അറിഞ്ഞു. വിശദാംശങ്ങള് അറിയില്ല. അക്കാര്യം പൊലീസില് നിന്നും തേടാവുന്നതാണ്. മയക്കുമരുന്നിനെതിരെ ഞങ്ങള് ഒരു യുദ്ധം നടത്തി. ഒരു പ്രത്യേക കേസ് എടുത്ത് അഭിപ്രായം പറയുന്നില്ല. മയക്കുമരുന്നിനെതിരെ പോരാടും.' കെജ്രിവാള് കൂട്ടിച്ചേര്ത്തു.
ആംആദ്മി പാര്ട്ടി കോണ്ഗ്രസ് നേതാക്കളെ ലക്ഷ്യം വെച്ച് ആക്രമിക്കുകയാണെന്ന് സംസ്ഥാന നേതാക്കള് പ്രതികരിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് സുഖ്പാല് സിംങ് ഖൈറ പിടിയിലായത്. കള്ളപ്പണം വെളുപ്പിക്കല്, ലഹരി മരുന്ന് കടത്തല് എന്നീ കുറ്റങ്ങള്ക്കാണ് എംഎല്എ അറസ്റ്റിലായത്. എന്ഡിപിഎസ് (Narcotic Drugs and Psychotropic Substances) ആക്ടിന്റെ പരിധിയില് 2015 ല് രജിസ്റ്റര് ചെയ്ത കേസില് വ്യാഴാഴ്ച്ച രാവിലെ ഖൈറയുടെ വീട്ടില് നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് അറസ്റ്റ്.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക