ദില്ലി മദ്യനയ അഴിമതി കേസ്: ബിആർഎസ് നേതാവ് കെ കവിത ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല

ബിആർഎസിൻ്റെ നിയമ വിഭാഗവുമായി കൂടിയാലോചന നടത്തിയ ശേഷമാണ് തീരുമാനം

ന്യൂഡൽഹി: ദില്ലി മദ്യനയ അഴിമതി കേസില് ഭാരത് രാഷ്ട്ര സമിതി നേതാവും തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിൻ്റെ മകളുമായ കെ കവിത ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല. ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരാകാൻ ഇഡി കവിതയോട് ആവശ്യപ്പെട്ടിരുന്നു. ബിആർഎസിൻ്റെ നിയമ വിഭാഗവുമായി കൂടിയാലോചന നടത്തിയ ശേഷമാണ് തീരുമാനം. നേരത്തെ കഴിഞ്ഞ മാർച്ചിൽ തുടർച്ചയായ രണ്ടുദിവസം കവിതയെ ചോദ്യം ചെയ്തിരുന്നു.

ദില്ലി മദ്യനയ അഴിമതി കേസിൽ കവിതയുടെ ചാർട്ടേഡ് അക്കൌണ്ടൻ്റ് ബുച്ചിബാബുവിനെ ചോദ്യം ചെയ്തതിന് ശേഷമായിരുന്നു കഴിഞ്ഞ മാർച്ചിൽ ഇഡി കവിതയെ ചോദ്യം ചെയ്തത്. ദൽഹി മദ്യനയവുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്ട്ടിക്കും ദക്ഷിണേന്ത്യന് സംഘത്തിനും ഇടയിലെ പ്രധാന കണ്ണി ബുച്ചിബാബു ആണെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ലാഭ വിഹിതം വീത് വെച്ചതിലും കമ്പനികളുമായി ചര്ച്ച നടത്തിയതിലും ബുച്ചിബാബുവിന് പ്രധാനപങ്കുണ്ടെന്നാണ് ഇഡി പറയുന്നത്. ബുച്ചിബാബു നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കവിതയെ ഇ.ഡി ചോദ്യം ചെയ്തതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

കവിതയുമായി അടുപ്പമുള്ള മലയാളി വ്യവസായി അരുൺ രാമചന്ദ്രൻ പിള്ളയെയും മദ്യനയ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവുവിന്റെ മകളും ബിആർഎസ് നേതാവുമായ കവിതയുമായി അടുത്ത ബന്ധമാണ് അരുണിനുള്ളതെന്നാണ് ഇഡിയുടെ കണ്ടെത്തൽ. മദ്യ ലോബികള്ക്കും സര്ക്കാരിനുമിടയില് ഇയാള് ഇടനിലക്കാരനായി പ്രവര്ത്തിച്ചുവെന്നായിരുന്നു  ഇഡിയുടെ ആരോപണം. അഴിമതിയുടെ ഭാഗമായ ഇന്ഡോ സ്പിരിറ്റ് കമ്പനിയില് അരുണ് രാമചന്ദ്ര പിള്ളയുടെ പേരിലുള്ള ഓഹരികളുടെ യഥാര്ത്ഥ ഉടമസ്ഥ കവിതയാണെന്നും ഇ ഡി ആരോപിച്ചിരുന്നു.

To advertise here,contact us