ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്; സമിതിയുടെ ആദ്യയോഗം തുടങ്ങി

എട്ടംഗ സമിതിയില് നിന്ന് കോണ്ഗ്രസ് പ്രതിനിധി അധിര് രഞ്ജന് ചൗധരി പിന്മാറിയിരുന്നു.

ന്യൂഡല്ഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് സമിതിയുടെ ആദ്യയോഗം മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വസതിയില് ആരംഭിച്ചു. സമിതി അംഗങ്ങളായ ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കം യോഗത്തില് പങ്കെടുക്കാനെത്തി.

എട്ടംഗ സമിതിയില് നിന്ന് കോണ്ഗ്രസ് പ്രതിനിധി അധിര് രഞ്ജന് ചൗധരി പിന്മാറിയിരുന്നു. ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് എന്ന ആശയം കണ്ണില് പൊടിയിടലാണെന്നും പാര്ലമെന്ററി ജനാധിപത്യ സംവിധാനത്തെ ബോധപൂര്വം അപമാനിക്കുന്നതാണെന്നും അധിര് രഞ്ജന് ചൗധരി പറഞ്ഞിരുന്നു. രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്ജ്ജുന് ഖര്ഗെയെ സമിതിയില് ഉള്പ്പെടുത്താത്തത് കോണ്ഗ്രസ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് അധിര് രഞ്ജന് ചൗധരിയുടെ പിന്മാറ്റം.

മുന് രാഷ്ട്രപ്രതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയില് അമിത് ഷാ, ഗുലാംനബി ആസാദ്, എന് കെ സിംഗ്, സുഭാഷ് സി കശ്യപ്, ഹരീഷ് സാല്വെ, സഞ്ജയ് കോത്താരി എന്നിവര് അംഗങ്ങളാണ്. സമിതിയില് കേന്ദ്ര നിയമമന്ത്രി പ്രത്യേക ക്ഷണിതാവാണ്. ലോക്സഭാ, നിയമസഭ തിരഞ്ഞെടുപ്പുകള്ക്കൊപ്പം മുന്സിപ്പല്, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളും നടത്തുന്നത് സമിതി പരിശോധിക്കും.

ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒറ്റ തിരഞ്ഞെടുപ്പ് നടത്തുക എന്നതാണ് ആശയം. തിരഞ്ഞെടുപ്പ് ഒറ്റത്തവണയായി നടത്തുന്നതിലൂടെ പൊതുഖജനാവിന് വലിയ ലാഭമുണ്ടാകുമെന്നുമാണ് കേന്ദ്രസര്ക്കാര് വാദം.

To advertise here,contact us