ന്യൂഡൽഹി: ഡൽഹി മെട്രോയുടെ വിവിധ സ്റ്റേഷനുകളിലെ ചുമരുകളിൽ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം എഴുതിയ കേസിൽ രണ്ടു പേർ അറസ്റ്റിൽ. നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് പ്രവർത്തകനാണ് പിടിയിലായ ഒരാൾ. രണ്ടു പേരേയും പഞ്ചാബിൽ നിന്നാണ് പിടികൂടിയത്. സംഭവത്തിന് പിന്നിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. പിടിയിലായ പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്.
കഴിഞ്ഞ ഞായറാഴ്ചയാണ് ശിവാജി പാർക്ക്, മാദീപൂർ, ഉദ്യോഗ് നഗർ, പഞ്ചാബി ബാഗ്, മഹാരാജ് സൂരജ്മാൽ സ്റ്റേഡിയം ഉൾപ്പെടെ അഞ്ചിലേറെ സ്റ്റേഷനുകളിൽ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ കണ്ടത്. 'ഡല്ഹി ബനേഗാ ഖാലിസ്ഥാന്, ഖാലിസ്ഥാന് റഫറണ്ടം സിന്ദാബാദ്' എന്നിങ്ങനെയാണ് എഴുതിയിരുന്നത്. പിന്നാലെ പൊലീസ് പെയിന്റ് അടിച്ച് ചുവരെഴുത്തുകൾ മായ്ച്ചുകളഞ്ഞിരുന്നു.
ജി 20 ഉച്ചകോടിയുടെ ഭാഗമായി രാജ്യതലസ്ഥാനത്ത് കനത്ത സുരക്ഷ തുടരുന്നതിനിടെയാണ് ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ പ്രത്യക്ഷപ്പെട്ടത്. ഗുരുതര സുരക്ഷാ വീഴ്ചയായി കണക്കാക്കി ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ ആണ് അന്വേഷണം നടത്തുന്നത്.